ഒരുമിച്ചു പരീക്ഷ: പരാതി പിഎസ്‌സി പരിശോധിക്കും

തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷയ്ക്ക് ഒരുമിച്ചു ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കുന്നവർക്ക് ഒരേ പരീക്ഷാകേന്ദ്രം ലഭിക്കുന്നുവെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ സാധിക്കുമോയെന്നു പരിശോധിക്കാൻ ബന്ധപ്പെട്ട വിഭാഗത്തിനു നിർദേശം നൽകി. വിശദാംശങ്ങൾ ഇന്നു പ്രഖ്യാപിക്കുമെന്നു ചെയർമാൻ എം.കെ.സക്കീർ അറിയിച്ചു.

പരീക്ഷ മാറ്റി

വിവിധ ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് (വിമുക്ത ഭടന്മാർ) തസ്തികയിലേക്കു മേയ് 19 നു നടത്താനിരുന്ന ഒഎംആർ പരീക്ഷ മാറ്റി.

∙അസിസ്റ്റന്റ് പ്രഫസർ ഇൻ ജനറൽ മെഡിസിൻ(ഭിന്നശേഷിക്കാർ) തസ്തികയുടെ ഒരു ഒഴിവിലേക്കു മൂന്നു കാറ്റഗറിയിലും ഉദ്യോഗാർഥികളെ ലഭ്യമല്ലാത്തതിനാൽ ലിസ്റ്റ് രണ്ടിലെ (ലക്ചറർ തസ്തിക) അസ്ഥിഭംഗം/സെറിബ്രൽ പാൽസി വിഭാഗത്തിലെ ഉദ്യോഗാർഥികളിൽനിന്ന് ഈ ഒഴിവു നികത്താൻ തീരുമാനിച്ചു.

∙മലപ്പുറം ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികജാതി), തൃശൂർ ജില്ലയിലെ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികജാതി) എന്നീ തസ്തികകളിലേക്ക് അഭിമുഖം മാത്രം നടത്തി തിരഞ്ഞെടുപ്പു പൂർത്തിയാക്കും.

∙കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ്, ഡിവിഷനൽ അക്കൗണ്ടന്റ്(വിശ്വകർമ, പട്ടികജാതി, മുസ്‍ലിം, പട്ടികവർഗം, ഒഎക്സ്, ധീവര, ഹിന്ദു നാടാർ, ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ലക്ചറർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ (ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

∙മലപ്പുറം ജില്ലയിൽ ആരോഗ്യ/മുനിസിപ്പൽ കോമൺ സർവീസ് വകുപ്പിൽ ജൂനിയർ ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് (മുസ്‌ലിം, വിശ്വകർമ, ധീവര, ഹിന്ദു നാടാർ) തസ്തികയിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും അഭിമുഖം ഒഴിവാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.