Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനർമൂല്യനിർണയത്തിന് അപേക്ഷ 15 വരെ

തിരുവനന്തപുരം∙ രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു പുനർമൂല്യ നിർണയത്തിനോ ഉത്തരക്കടലാസിന്റെ പകർപ്പിനോ സൂക്ഷ്മ പരിശോധനയ്ക്കോ ഈ മാസം 15 വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് വിതരണം ജൂൺ ആദ്യ വാരം പൂർത്തിയാക്കും.

മലകയറ്റത്തിനുള്ള ഗ്രേസ് മാർക്ക് ഇത്തവണ വിദ്യാർഥികൾക്കു നൽകിയിട്ടില്ല. ഇതു സംബന്ധിച്ചു സർക്കാരിനു പരാതികൾ ലഭിച്ച സാഹചര്യത്തിലാണു പരിശോധനയ്ക്കു ശേഷം മാത്രം ഗ്രേസ് മാർക്ക് നൽകിയാൽ മതിയെന്നു സർക്കാർ തീരുമാനിച്ചത്. ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ സ്റ്റുഡന്റ് പൊലീസ് വിഭാഗത്തിനുള്ള ഗ്രേസ് മാർക്ക് ചേർത്തില്ലെന്നു പരാതി ഉയർന്നെങ്കിലും ഇതു ശരിയാക്കിയെന്നു ഹയർ സെക്കൻഡറി അധികൃതർ അറിയിച്ചു. ഗ്രേസ് മാർക്ക് ചേ‍ർത്തിട്ടുണ്ടോയെന്ന് ഏതെങ്കിലും വിദ്യാർഥിക്കു സംശയമുണ്ടെങ്കിൽ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷിച്ചാൽ വിശദാംശങ്ങൾ നൽകും. 73,877 പേർക്കാണ് ഇത്തവണ ഗ്രേസ് മാർക്ക് നൽകിയിരിക്കുന്നത്.

ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ സ്കോറുകളും നിരന്തര മൂല്യനിർണയത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും സ്കോറുകളും സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ഓരോ വിഷയത്തിനും ലഭിച്ച മൊത്തം സ്കോറും ഗ്രേഡും സർട്ടിഫിക്കറ്റിലുണ്ട്. സ്കൂൾ സീലും പ്രിൻ‍സിപ്പലിന്റെ ഒപ്പും രേഖപ്പെടുത്തിയാണു സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിന്റെ കൗണ്ടർഫോയിൽ സ്കൂളിൽ സൂക്ഷിക്കണം. കംപാർട്ടുമെന്റലായി പരീക്ഷയെഴുതി ജയിച്ചവർക്കു മുൻപരീക്ഷയിൽ നേടിയ സ്കോറുകളും ഇത്തവണത്തെ സ്കോറുകളും ചേർത്തുള്ള ഏകീകൃത സർട്ടിഫിക്കറ്റ് ഡയറക്ടറേറ്റിൽ നിന്നു നൽകും. പ്രൊവിഷനൽ സർട്ടിഫിക്കറ്റും ഇവർക്കു ലഭിക്കും.

ഇരട്ട മൂല്യനിർണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്കു പുനർമൂല്യനിർണയവും സൂക്ഷ്മ പരിശോധനയും ഉണ്ടാവില്ല. എന്നാൽ ഇവർക്ക് ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാം. ഇതിനുള്ള അപേക്ഷ മാർച്ചിൽ പരീക്ഷയെഴുതിയ സ്കൂളിലാണു നൽകേണ്ടത്. പുനർമൂല്യനിർണയത്തിന്  500 രൂപയും ഉത്തരക്കടലാസ് പകർപ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണു പേപ്പറൊന്നിനു ഫീസ്.

ജയിച്ച എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റിനൊപ്പം മൈഗ്രേഷൻ സർട്ടിഫിക്കറ്റും നൽകും. ഇതിനു ഫീസ് ഇല്ല. അതേസമയം, 2013നു മുമ്പു പരീക്ഷയെഴുതിയവരും ഡ്യൂപ്ലിക്കേറ്റ് മൈഗ്രേഷൻ സർട്ടിഫിക്കറ്റ് വേണ്ടവരും പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷ നിശ്ചിത ഫീസിനൊപ്പം ഡയറക്ടറേറ്റിൽ നൽകിയാൽ സർട്ടിഫിക്കറ്റ് ലഭിക്കും.