വിത്തുകളുടെ കാര്യത്തിൽ ശാസ്ത്രീയ നിയന്ത്രണം ഏർപ്പെടുത്തും: മന്ത്രി സുനിൽകുമാർ

മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ ‘മാസത്തിൽ ഒരു വിത്ത്’ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി.സുഹൈബ് മൗലവി എന്നിവർക്കു വിത്തു പായ്ക്കറ്റ് കൈമാറി മന്ത്രി വി.എസ്.സുനിൽ കുമാർ നിർവഹിക്കുന്നു. വിഎഫ്പിസികെ സിഇഒ സജി ജോൺ, കൃഷി അഡീഷനൽ ഡയറക്ടർ ജീജാകുമാരി എന്നിവർ സമീപം. ചിത്രം: മനോരമ.

തിരുവനന്തപുരം∙ കൃഷി മേഖലയിൽ ഗുണനിലവാരമുള്ള വിത്തുകളുടെ ഉൽപാദന, വിപണനത്തിൽ ശാസ്ത്രീയ നിലപാടുകൾ കർശനമാക്കുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. സ്വകാര്യ കമ്പനികളുടെ ഹൈബ്രിഡ് വിത്തുകൾ നിയന്ത്രണം കൂടാതെ വിൽക്കുന്നതു തടയുകയും ലൈസൻസിങ് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുകയും ചെയ്യും. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ ‘മാസത്തിൽ ഒരു വിത്ത്’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി.ശുഹൈബ് മൗലവി എന്നിവർ വിത്തു പായ്ക്കറ്റുകൾ ഏറ്റുവാങ്ങി. കഴിഞ്ഞതവണ മാസത്തിലൊരിക്കൽ എന്ന നിലയിൽ എട്ടു തവണയാണു വിത്തുകൾ നൽകിയത്. ഇക്കൊല്ലം 12 മാസവും ഓരോ ഇനം വിത്തുകൾ സീസൺ അനുസരിച്ചു നൽകാനാണു പദ്ധതിയെന്നു മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്റെ വിഎഫ്പിസികെ ആണു വിത്തുകൾ വിതരണം ചെയ്യുന്നത്. പച്ചക്കറികൃഷി വികസനത്തിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

ഈ വർഷം ഒരു കോടി വിത്തുപായ്ക്കറ്റുകളും രണ്ടു കോടി പച്ചക്കറിത്തൈകളുമാണു കൃഷിവകുപ്പു വിതരണം ചെയ്യുന്നത്. അടുത്ത രണ്ടു വർഷംകൊണ്ടു പച്ചക്കറി ഉൽപാദനത്തിൽ 80% സ്വയംപര്യാപ്തത കൈവരിക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജ് കെ.എ.ഫ്രാൻസിസ്, കൃഷി അഡീഷനൽ ഡയറക്ടർ ജീജാകുമാരി, വിഎഫ്പിസികെ സിഇഒ: സജി ജോൺ എന്നിവരും പ്രസംഗിച്ചു.