കേന്ദ്ര, യുജിസി അംഗീകാരമുണ്ടെങ്കിൽ പിഎസ്‌സിക്ക് തുല്യതാ സർട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം∙ കേന്ദ്ര സർക്കാർ, പാർലമെന്റ്, യുജിസി എന്നിവ അംഗീകരിച്ചിട്ടുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർട്ടിഫിക്കറ്റുകൾ, തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ അംഗീകരിക്കാൻ പിഎസ്‌സി തീരുമാനം. പിഎസ്‌സി ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പായി കേരളത്തിലെ സർവകലാശാലകളിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റിനായി ഉദ്യോഗാർഥികൾ നെട്ടോട്ടം ഓടുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കണമെന്നു സർക്കാർ നിർദേശിച്ച സാഹചര്യത്തിലാണു പിഎസ്‌സി തീരുമാനം.

യുജിസി അംഗീകാരമുള്ള സ്വകാര്യ സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ, കേന്ദ്ര അംഗീകാരമുള്ള കൽപിത സർവകലാശാലകൾ, ഐഐടി, ഐസർ, എൻഐടി തുടങ്ങി ദേശീയ തലത്തിൽ അംഗീകാരമുള്ള എല്ലാ പ്രമുഖ സ്ഥാപനങ്ങളുടെയും സർട്ടിഫിക്കറ്റുകൾ പിഎസ്‌സി അംഗീകരിക്കും. യുജിസി അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാന സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകളുടെ കാര്യത്തിലും ഇതു ബാധകമായിരിക്കും. പാർലമെന്റിന്റെയും നിയമസഭകളുടെയും നിയമ നിർമാണത്തിലൂടെ നിലവിൽ വന്നതും യുജിസി അംഗീകാരമുള്ളതുമായ എല്ലാ സ്ഥാപനങ്ങളുടെയും സർട്ടിഫിക്കറ്റുകൾ ഈ പരിധിയിൽ വരും.

കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (ഒബിസി) തസ്തികയിൽ ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ മാതൃറാങ്ക്് പട്ടികയിൽ നിന്ന് അടുത്ത പിന്നാക്ക വിഭാഗത്തിലുള്ള ഉദ്യോഗാർഥിക്കു നിയമന ശുപാർശ നൽകും. ബവറിജസ് (മാനുഫാക്ചറിങ് ആൻഡ് മാർക്കറ്റിങ്) കോർപറേഷനിലെ ഹെൽപ്പർ തസ്തികയുടെ ഒഴിവ്് വിവിധ കമ്പനി,ബോർഡ്,കോർപറേഷനുകളിലെ എൽജിഎസ് തസ്തികയുടെ റാങ്ക്് പട്ടികയിൽ നിന്നു നികത്തും.

ജലഗതാഗത വകുപ്പിൽ പാറ്റേൺ മേക്കർ, സ്രാങ്ക്് (മുസ്ലീം)തസ്തികകളിലേക്കു ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും. ആലപ്പുഴ ജില്ലയിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് രണ്ട്,ഓപ്പറേറ്റർ ഗ്രേഡ് രണ്ട് (ഹിന്ദു നാടാർ)തസ്തികയിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.