വൈദ്യുതി ബോർഡ് ഓൺലൈൻ സേവനം നാളെ മുതൽ തടസ്സപ്പെടും

തിരുവനന്തപുരം∙വൈദ്യുതി ബോർഡിന്റെ ഐടി  അധിഷ്ഠിത സേവനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ഡിസാസ്റ്റർ റിക്കവറി (ഡിആർ) സെന്ററിന്റെ പ്രവർത്തന ക്ഷമതാ പരിശോധനയ്ക്കായി   നാളെ മുതൽ 21 വരെ   ഡിആർ ഡ്രിൽ നടത്തുന്നതിനാൽ ഈ ദിവസങ്ങളിൽ  ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും.  

നാളെ മുതൽ 21 വരെ ഫ്രണ്ട്സ്, അക്ഷയ, സിഎസ്‌സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ  വഴിയും ഓൺലൈൻ  ബാങ്കിങ്ങിലൂടെയും വൈദ്യുതി ബിൽ അടയ്ക്കാൻ സാധിക്കില്ല. ഇതേ ദിവസങ്ങളിൽ  1912 നമ്പറിലെ കസ്റ്റമർ കെയർ സെന്ററും പ്രവർത്തിക്കില്ല.  വൈദ്യുതി സംബന്ധമായ  പരാതി അറിയിക്കുന്നതിനായി ഈ ദിവസങ്ങളിൽ സെക്ഷൻ ഓഫിസുകളിലോ     0471 – 2514668 / 2514669 / 2514710 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം. ബോർഡിന്റെ പ്രവർത്തന നിർവഹണത്തിന് സഹായിക്കുന്ന  മറ്റു സോഫ്റ്റ് വെയർ ആപ്ലിക്കേഷനുകളും ഈ  ദിവസങ്ങളിൽ ലഭിക്കില്ല.