സാമൂഹികക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

തിരുവനന്തപുരം ∙ ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി മന്ത്രി ടി.എം. തോമസ് ഐസക് അറിയിച്ചു. പുതുതായി ചേർത്ത മൂന്നേകാൽലക്ഷം പേരടക്കം 40 ലക്ഷം പേർക്കാണ് പെൻഷൻ. ഈ സർക്കാരിന്റെ കാലത്ത് പുതുതായി പെൻഷന് അർഹരായവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ആവശ്യപ്പെട്ടവർക്ക് ഇന്നു മുതൽ തുക ലഭിക്കും. മറ്റുള്ളവർക്കു സഹകരണബാങ്കുകൾ വഴിയുള്ള വിതരണം പൂർത്തിയായി വരുന്നു. 

സാമൂഹികസുരക്ഷാ പെൻഷന് 1,893 കോടി രൂപയും ക്ഷേമബോർഡുകൾക്ക് 253 കോടി രൂപയും അനുവദിച്ചു. ഓണക്കാലത്തുണ്ടായിരുന്നതിനേക്കാൾ 2.5 ലക്ഷം പേർക്കാണ് ഇത്തവണ അധികമായി സാമൂഹികസുരക്ഷാ പെൻഷൻ ലഭിക്കുന്നത്. സർക്കാർ സഹായത്തോടെയും അല്ലാതെയും വെൽഫെയർ ബോർഡുകൾ വഴിയുള്ള പെൻഷനുകളുടെ വിതരണവും ആരംഭിച്ചു. 

വാർഷിക അർഹത പരിശോധന പൂർത്തിയായില്ല എന്ന കാരണത്താൽ പെൻഷൻ വിതരണം തടഞ്ഞു വയ്ക്കുന്നെന്ന പ്രചാരണം ശരിയല്ല. അർഹത പരിശോധന അടുത്ത പെൻഷൻ വിതരണത്തിനു മുൻപ് പൂർത്തിയാക്കിയാൽ മതിയെന്നും മന്ത്രി പറഞ്ഞു.