Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികൃതർ കാർ ‘കണ്ടെത്തി’: ലോട്ടറി വിൽപനക്കാരന്റെ പെൻഷൻ നിലച്ചു

vincent വിൻസെന്റ്

ആലപ്പുഴ ∙ ജപ്തി ഭീഷണിയിൽ കഴിയുന്ന ലോട്ടറി വിൽപനക്കാരന് സ്വന്തം പേരിൽ കാറുണ്ടെന്നു ‘കണ്ടെത്തിയ’ അധികൃതർ, സാമൂഹികസുരക്ഷാ പെൻഷൻ റദ്ദാക്കി. അന്വേഷണത്തിൽ വ്യക്തമായത്, 40 വർഷം പഴക്കമുള്ള ഇൗ കാർ പാലാ സ്വദേശിയുടെ പേരിലാണെന്നാണ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15–ാം വാർഡ് ചെട്ടികാട് പുത്തൻപുരയ്ക്കലിൽ വിൻസെന്റ് ജോസഫ് എന്ന എഴുപതുകാരനാണീ ഹതഭാഗ്യൻ. വിൻസെന്റിന്റെ വീട്ടിലേക്കു പ്രധാന റോഡിൽ നിന്ന് 800 മീറ്ററോളം നടവഴിയാണ്. കഷ്ടിച്ച് ഒരു സ്കൂട്ടർ കടന്നുപോകും. വീട്ടിൽ അന്വേഷണത്തിനു വന്ന ഉദ്യോഗസ്ഥൻ ഇതെല്ലാം കണ്ടു മനസ്സിലാക്കിയതാണ്.

രണ്ടു കാലിലും മന്തിന്റെ ഭാരം പേറുന്ന വിൻസെന്റ് ദിവസവും 15 കിലോമീറ്റർ വരെ നടന്നു ലോട്ടറി വിറ്റ് 2 പെൺമക്കളുടെയും വിവാഹം നടത്തി. അവരുടെ ഭർത്താക്കന്മാർ മത്സ്യബന്ധന തൊഴിലാളികളാണ്. ഇളയ മകളുടെ വിവാഹത്തിന് ജില്ലാ സഹകരണ ബാങ്ക് തുമ്പോളി ശാഖയിൽനിന്ന് 75,000 രൂപ വായ്പയെടുത്തു. തിരിച്ചടവു മുടങ്ങി. പലിശയും പിഴയും ചേർത്ത് 1.64 ലക്ഷം രൂപയായി കടം. മാർച്ചിനു മുൻപു വായ്പ തിരിച്ചടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് അറിയിച്ചു.

ഓണം മുതൽ സാമൂഹികസുരക്ഷാ പെൻഷൻ മുടങ്ങിയത്. അന്വേഷിച്ചപ്പോൾ, കെഎൽഒ 8463 എന്ന നമ്പരുള്ള കാറിന്റെ ഉടമയാണ് വിൻസന്റ് എന്നായിരുന്നു മറുപടി. പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ കാറിനെക്കുറിച്ച് മോട്ടോർ വാഹന വകുപ്പിൽ ഇപ്പോൾ വിവരമൊന്നുമില്ല.