ഡ്രൈവിങ് ലൈസൻസ് : ആധാർ ബന്ധിപ്പിക്കൽ അടുത്ത മാസം മുതൽ

തിരുവനന്തപുരം∙ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടം കേരളത്തിന്. കഴിഞ്ഞ മാസം കേന്ദ്രം നിർദേശം പുറപ്പെടുവിക്കും മുൻപുതന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ തയാറാക്കി. ഇപ്പോൾ സുരക്ഷാ ഓഡിറ്റിനായി സമർപ്പിച്ചിട്ടുള്ള സോഫ്റ്റ്‌വെയറിന് അനുമതി ഉടൻ ലഭിക്കും. അടുത്ത മാസം മുതൽ ആധാർ ബന്ധിപ്പിക്കൽ തുടങ്ങാനാണു തീരുമാനം.

നിലവിലുള്ള 90 ലക്ഷം ലൈസൻസുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി മോട്ടോർവാഹന വകുപ്പിന്റെ വെബ്സൈറ്റിൽ തന്നെ പുതിയ ലിങ്ക് ലഭ്യമാക്കും. ഇതിലേക്കു ലൈസൻസ് നമ്പർ, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ ആദ്യം നൽകണം.

അടുത്ത പേജിലാണ് ആധാർ നമ്പർ നൽകേണ്ടത്. ഇൗ വിവരങ്ങൾ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ നോഡൽ ഏജൻസിയായ ഐടി മിഷനു മോട്ടോർ വാഹന വകുപ്പ് കൈമാറും. ഐടി മിഷനാണു ബന്ധിപ്പിക്കൽ പൂർത്തിയാക്കുന്നത്.