Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണവില താഴുന്നു; 50 ഡോളറിലേക്ക്

ദോഹ ∙ ഉൽപാദന നിയന്ത്രണം ജൂണിനു ശേഷവും തുടർന്നേക്കുമെന്ന ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് സൂചന നൽകിയിട്ടും എണ്ണവില 50 ഡോളറിലേക്കു താഴുന്നു. രാജ്യാന്തര ബ്രെന്റ് ക്രൂഡ് വില 37 സെന്റ് താഴ്ന്ന് എണ്ണവില ബാരലിന് 50.43 ഡോളറിലെത്തി. നവംബറിൽ ഉൽപാദനം നിയന്ത്രിക്കാൻ ഒപെക് തീരുമാനിച്ചതിനു ശേഷമുള്ള താഴ്ന്ന വിലകളിലൊന്നാണിത്.

ജൂണിനു ശേഷവും ഉൽപാദന നിയന്ത്രണം തുടരണമോയെന്നു പഠിക്കുന്ന ഒപെക്– ഒപെക് ഇതര ഉപസമിതി കഴിഞ്ഞ ദിവസം കുവൈത്തിൽ യോഗം ചേർന്നിരുന്നു. കുവൈത്തിനു പുറമേ യുഎഇ, ഇറാഖ്, വെനസ്വേല എന്നീ ഒപെക് രാജ്യങ്ങളും റഷ്യ, ഒമാൻ എന്നീ ഒപെക്–ഇതര രാജ്യങ്ങളുമാണ് ഉപസമിതിയിലുള്ളത്.

സമയപരിധി നീട്ടുന്നതു സംബന്ധിച്ചു റിപ്പോർട്ട് തയാറാക്കാനാണു സമിതി തീരുമാനിച്ചത്. ഉൽപാദന നിയന്ത്രണം ആറുമാസം കൂടി തുടരുമെന്നാണു സമിതി സൂചന നൽകിയതെങ്കിലും അത് എണ്ണവിപണിയിൽ പ്രതിഫലിച്ചില്ല. പകരം യുഎസ് ഉൽപാദനം ഉയർന്നതും യുഎസിലെ എണ്ണശേഖരം റെക്കോർഡിലെത്തിയതുമാണു വിപണിയെ സ്വാധീനിച്ചത്.

നിയന്ത്രണം ആറുമാസം കൂടി തുടർന്നേക്കുമെന്നു സൗദി അറേബ്യ ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങൾ സൂചിപ്പിക്കുമ്പോൾ റഷ്യ അനുകൂല പ്രതികരണത്തിനു തയാറായില്ല.

ജനുവരി ഒന്നു മുതൽ ഒപെക്– ഒപെക് ഇതര രാജ്യങ്ങൾ ചേർന്നു പ്രതിദിനം 17 ലക്ഷം ബാരൽ ഉൽപാദനം കുറയ്ക്കാനായിരുന്നു തീരുമാനം. ഇത് ഒപെക് 96% പാലിച്ചപ്പോൾ ഇതര രാജ്യങ്ങൾ 65 ശതമാനമേ എത്തിയിട്ടുള്ളൂ. വാഗ്ദാനം പൂർണമായി നടപ്പാക്കിയാൽ ഈ വർഷം മൂന്നാംപാദത്തോടെ വിപണി സ്ഥിരത കൈവരിക്കുമെന്നും ഉപസമിതി വിലയിരുത്തുന്നു.

നിയന്ത്രണം നൂറു ശതമാനമാക്കാൻ എല്ലാ രാജ്യങ്ങളും പരിശ്രമിക്കണമെന്നും ഉപസമിതി അഭ്യർഥിച്ചു. മേയ് 25നു ചേരുന്ന ഒപെക് യോഗമാണു നിയന്ത്രണം ആറുമാസം കൂടി തുടരണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

Your Rating: