Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്പനികളെ ആകർഷിക്കാൻ രാജ്യാന്തര ഐടി സംഗമം

തിരുവനന്തപുരം∙ ബഹുരാഷ്ട്ര ഐടി കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കാൻ രാജ്യാന്തര ഐടി സംഗമം വരുന്നു. ഐടി മേഖലയിലെ മുൻനിരക്കാരായ മലയാളികളെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിച്ച ഹൈപവർ ഐടി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണു സംഗമം നടത്തുന്നത്. ഐടി രംഗത്തെ നിക്ഷേപകരെ സഹായിക്കാനായി ഐടി പ്രമോഷൻ സെല്ലും ഉടൻ നിലവിൽ വരും.

ഐടി മേഖലയിലെ ഉന്നതരായ 10 മലയാളികളെ ഉൾപ്പെടുത്തിയാണു സർക്കാർ ഉന്നതാധികാരസമിതി രൂപീകരിച്ചത്. ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി.ഷിബുലാൽ ആണു ചെയർമാൻ. ഇൻഫോസിസ് മേധാവിയായിരുന്ന ക്രിസ് ഗോപാലകൃഷ്ണൻ, ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ്, റെഡിഫ്.കോം സ്ഥാപകൻ അജിത് ബാലകൃഷ്ണൻ, സോഫ്റ്റ്‌വെയർ അസോഷ്യേറ്റ്സ് മേധാവി ദുലീപ് സഹദേവൻ, ജിഇ ഇന്ത്യ മേധാവി ആന്റണി തോമസ്, ടിസിഎസ് വൈസ് പ്രസിഡന്റ് ദിനേശ് തമ്പി, നാസ്കോം റീജനൽ ഡയറക്ടർ അശോക് പമ്മിടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ സജി ഗോപിനാഥ് എന്നിവരും സമിതിയിലുണ്ട്. കേരളത്തിന്റെ ഐടി മേഖലയുടെ പുരോഗതിക്കു സർക്കാരിനു വഴികാട്ടുകയാണു സമിതിയുടെ ഉത്തരവാദിത്തം.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സമിതിയുടെ ആദ്യ യോഗത്തിലാണു രാജ്യാന്തരസംഗമം നടത്താൻ തീരുമാനിച്ചത്. രാജ്യാന്തര ഐടി കമ്പനികളെ ക്ഷണിച്ചു കേരളത്തിലെ സൗകര്യങ്ങൾ പരിചയപ്പെടുത്തി നിക്ഷേപം ആകർഷിക്കുകയാണു സംഗമത്തിന്റെ ലക്ഷ്യം. ഐടി മേഖലയിൽ സംരംഭം തുടങ്ങാനെത്തുന്നവർക്കു സഹായങ്ങൾ ലഭ്യമാക്കാനാണ് ഐടി പ്രമോഷൻ സെൽ രൂപീകരിക്കുക. സർക്കാരിന്റെ പുതിയ ഐടി നയത്തെക്കുറിച്ചുള്ള അവലോകനവും യോഗത്തിൽ നടന്നു.

Your Rating: