ഭാര്യയെ തല്ലിയ സിഇഒ അഴിക്കുള്ളിലായി

ന്യൂയോർക്ക് ∙ കമ്പനി സിഇഒ ആണെന്നു കരുതി ഭാര്യയെ തല്ലാമോ? വർഷങ്ങളായി തല്ലുകൊള്ളേണ്ടിവന്ന ഭാര്യ ഒടുവിൽ പൊലീസിൽ പരാതിപ്പെട്ടു. കലിഫോർണിയ സുപ്പീരിയർ കോടതി സിഇഒയ്ക്ക് ഒരു മാസം ജയിൽ ശിക്ഷയും വിധിച്ചു.

2009–ലാണ് ഇന്ത്യൻ വംശജനായ അഭിഷേക് ഗട്ടാനി ഇന്ത്യൻ വംശജയായ നേഹ റസ്തോഗിയെ വിവാഹം ചെയ്തത്. 2013ൽ ‘കൊടിയ കുറ്റകൃത്യം’ വകുപ്പ് ചുമത്തി അഭിഷേകിനെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇത് കലിഫോർണിയയിലെ തന്റെ തൊഴിലിനെ ബാധിക്കുമെന്നും, ഇന്ത്യയിലേക്കു മടങ്ങാൻ ഇടയാക്കുമെന്നും അഭിഷേക് ബോധിപ്പിച്ചതിനെ തുടർന്ന് ‘ശിക്ഷാർഹമായ കുറ്റകൃത്യം’ എന്ന കുറഞ്ഞ കുറ്റം ചുമത്തുകയായിരുന്നു.

ആറു മാസം തടവു ശിക്ഷയാണ് വിധിച്ചതെങ്കിലും ഒരു മാസം ജയിലിൽ കിടന്നാൽ മതി. ബാക്കി കാലത്തേക്ക് വാരാന്ത്യങ്ങളിൽ എട്ടു മണിക്കൂർ ശരീര അധ്വാനമുള്ള ജോലി ചെയ്യണമെന്നാണ് ഉത്തരവ്. 2015ൽ കലിഫോർണിയയിൽ തുടങ്ങിയ ക്യൂബറോൺ കമ്പനിയുടെ സഹ സ്ഥാപകനും സിഇഒയുമാണ് അഭിഷേക്.