നോട്ട് വീട്ടിലുണ്ടോ, ബാങ്ക് തേടി വരും

പാലക്കാട് ∙ കറൻസി ക്ഷാമം നേരിടാൻ ബാങ്ക് പ്രതിനിധികൾ ഇടപാടുകാരെ തേടി വീടുകളിലെത്തുന്നു. എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ ആദ്യം നിയന്ത്രണമേർപ്പെടുത്തുകയും പിന്നീടു ചില ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുകയും ചെയ്തതോടെ നിക്ഷേപത്തിൽ കുറവുണ്ടായി.

ഇതു നികത്താനാണു ബാങ്കുകൾ ഇടപാടുകാരെ തേടിയെത്തുന്നത്. എസ്ബിഐ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഇതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടുണ്ട്. പണം ബാങ്കിൽ നിക്ഷേപിക്കുന്നതിൽ നിന്ന് ഇടപാടുകാരെ പിന്തിരിപ്പിക്കുന്നത്, കൂടുതൽ നിയന്ത്രണങ്ങളുണ്ടാകുമോ എന്ന ഭയമാണ്.

പ്രതിദിന വരവ് ബാങ്കുകളിൽ അടച്ചിരുന്ന വ്യാപാരികളും ഇപ്പോൾ പണമിടാതെ കൈയിൽ സൂക്ഷിക്കുകയാണ്.  ബാങ്ക് ഉദ്യോഗസ്ഥർ ഇടപാടുകാരെ ഫോണിൽ വിളിച്ചു സഹായം തേടിയിട്ടും ഫലം കാണാത്തതിനെ തുടർന്നാണു നേരിട്ടു സമീപിക്കുന്നത്.

എടിഎമ്മുകളിൽ ഒരു തവണ ഒന്നര കോടി രൂപ നിറയ്ക്കാനാകുമെങ്കിലും നോട്ട് ക്ഷാമം മൂലം 20 ലക്ഷം രൂപയാണു പലതിലും നിറയ്ക്കുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്കു സമീപത്തുള്ള എടിഎമ്മുകളിലാണ് 50 ലക്ഷത്തിനു മുകളിൽ നിറയ്ക്കുന്നത്. ഇവിടങ്ങളിൽ നിന്നു രണ്ടായിരത്തിന്റെ നോട്ടുകളാണ് കൂടുതലും ലഭിക്കുന്നതെന്ന പരാതിയുണ്ട്.