മെലനിയ ട്രംപിന്റെ ജാക്കറ്റിന് വില 33 ലക്ഷം രൂപ

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം  സൗദിയില്‍ ചെന്നപ്പോള്‍ ഭാര്യ മെലനിയ ശിരോവസ്ത്രമിട്ടില്ലെന്നും അടുത്ത ദിവസം മാർപാപ്പയെ കാണാന്‍ ചെന്നപ്പോള്‍ അത്തരമൊരു വസ്ത്രമണിഞ്ഞെന്നുമൊക്കെ ലോകം ആവേശത്തോടെ ചര്‍ച്ച ചെയ്തതുകണ്ട് ട്രംപ് ചിരിച്ചിട്ടുണ്ടാകും.

വിദേശപര്യടനത്തിന്റെ അവസാനഭാഗമായി ഇറ്റലിയിലെത്തുമ്പോള്‍ മെലനിയ അണിയാനിരിക്കുന്ന വസ്ത്രമെന്തെന്ന് അദ്ദേഹത്തിനു ധാരണയുണ്ടായിരുന്നിരിക്കുമല്ലോ. 

ആ വസ്ത്രം അത്ഭുതസിദ്ധികളുള്ള വസ്ത്രമല്ല; വെറും 51000 ഡോളര്‍ വിലയുള്ള ഒരു ജാക്കറ്റ്. പൂക്കള്‍ തുന്നിപ്പിടിപ്പിച്ച ആ ജാക്കറ്റിന്റെ വില ഇന്ത്യന്‍ നിരക്കില്‍ ഏകദേശം 33 ലക്ഷം രൂപ. തന്റെ പ്രജകളായ അമേരിക്കന്‍ ജനതയുടെ ശരാശരി പ്രതിശീര്‍ഷവരുമാനത്തോളമാണ് ഈ വില എന്നതോര്‍ക്കുമ്പോള്‍ ട്രംപ് എങ്ങനെ ചിരിക്കാതിരിക്കും. 2015ല്‍ 55000 ഡോളറായിരുന്നു അമേരിക്കക്കാരുടെ ശരാശരി വരുമാനം.

ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ ടീം ആയ ഡോള്‍സ് ആന്‍ഡ് ഗബാന തയാറാക്കിയ  ഫ്ലോറല്‍ ജാക്കറ്റും അതേ ഡിസൈനിലുള്ള ക്ലച്ചുമായി മെലനിയ സിസിലി നഗരത്തില്‍ ജി–7 രാജ്യത്തലവന്മാരുടെ ഭാര്യമാര്‍ക്കൊപ്പമുള്ള സദ്യക്കെത്തുന്ന ദൃശ്യം അതിവേഗം സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞു; വിമർശനങ്ങൾക്കൊപ്പം. 

വെളുത്ത സിംപിള്‍ ഗൗണിനൊപ്പമായിരുന്നു വര്‍ണപ്പകിട്ടാര്‍ന്ന ജാക്കറ്റ്. പോപ്പിനെ കാണാന്‍ പോയപ്പോഴും പിന്നീട് ഇറ്റലിയില്‍ വിമാനമിറങ്ങിയപ്പോഴും മെലനിയ ധരിച്ച ഗൗണുകളും സിസിലി ആസ്ഥാനമായ ഡോള്‍സ് ആന്‍ഡ് ഗബാനയുടേതായിരുന്നു.