അനധികൃത വഞ്ചിവീടുകൾക്ക് പിടിവീഴും

ആലപ്പുഴ ∙ വേമ്പനാട്ടുകായലിൽ അനധികൃതമായി പ്രവർത്തിക്കുന്ന വഞ്ചിവീടുകളെ നിയന്ത്രിക്ക‍‍ാൻ ധാരണയായി. 

നിലവിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വഞ്ചിവീടുകളിൽ അർഹതയുള്ളവയ്ക്കു പതിനഞ്ചു ദിവസത്തിനുള്ളിൽ ലൈസൻസ് നൽകും. 2014 ജനുവരി ഒന്നിനു ശേഷം നിർമിച്ച വഞ്ചിവീടുകൾക്കു റജിസ്ട്രേഷൻ നൽകേണ്ടതില്ലെന്ന മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അത്തരം വഞ്ചിവീടുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ നയപരമായ തീരുമാനത്തിനു വിട്ടു.

വിനോദസഞ്ചാര, തുറമുഖ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണു നടപടിക്കു ധാരണയായത്. സർക്കാർ കർശന നടപടിക്കു തീരുമാനിച്ചാൽ വേമ്പനാട്ടുകായലിൽ പ്രവർത്തിക്കുന്ന നൂറുകണക്കിനു വഞ്ചിവീടുകളെ ബാധിക്കും. 

വഞ്ചിവീടുകൾക്ക് നിലവാര തരംതിരിവ് ഏർപ്പെടുത്തും. ആലപ്പുഴ പുന്നമടയിലെ മാലിന്യ സംസ്കരണം ആലപ്പുഴ പള്ളാത്തുരുത്തിയിലെ വഞ്ചിവീട് കേന്ദ്രത്തിലും ഉടൻ ആരംഭിക്കും.

മാലിന്യ സംസ്കരണം യഥാവിധി നടപ്പാക്കാത്ത വഞ്ചിവീടുകളുടെ നിലവാരം താഴ്ത്തും. വഞ്ചിവീട് വ്യവസായവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മാലിന്യ സംസ്കരണത്തിനു സ്ഥിരം സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി.