ആപ്പിൾ സിരി വീട്ടിലേക്ക്

ആപ്പിള്‍ ഹോംപോഡ്

ആപ്പിൾ ഐഫോണിലെ വെർച്വൽ അസിസ്റ്റന്റായ സിരി ഇനി വീട്ടുകാര്യങ്ങളിലും ഇടപെടും. ആപ്പിൾ ഇന്നലെ അവതരിപ്പിച്ച ഹോംപോഡ് സ്പീക്കറിലൂടെയാണു സിരിയുടെ പുതിയ അവതാരം. ഗൂഗിൾ ഹോം, ആമസോൺ അലക്സ, എസ്സെൻഷ്യൽ ഹോം തുടങ്ങിയ സ്മാർട് ഹോം സ്പീക്കറുകളുടെ ഗണത്തിലേക്കാണ് ആപ്പിൾ ഹോംപോഡിന്റെയും വരവ്.

ഐഫോണിൽ സിരി പ്രവർത്തിക്കുന്നതുപോലെ തന്നെ ഹോംപോഡിലും സീരി പ്രവർത്തിക്കും. ഹോംപോഡിനോടു സംസാരിക്കുകയോ ചോദ്യങ്ങൾ ചോദിക്കുകയോ ഇഷ്ടമുള്ള പാട്ടുവച്ചു തരാൻ ആവശ്യപ്പെടുകയോ ഒക്കെ ചെയ്യാം.

ഏകദേശം 22,500 രൂപ വില വരുന്ന ആപ്പിൾ ഹോംപോഡ് ഡിസംബറോടെ യുഎസിലും അടുത്ത വർഷം ഇന്ത്യയിലും വിപണിയിലെത്തിക്കും. 

ഡവലപർ കോൺഫറൻസിലെ ആപ്പിളിന്റെ മറ്റു പ്രധാന അവതരണങ്ങൾ:

∙ ഐ മാക് പ്രോ – ഐമാക് ഡെസ്ക്ടോപുകളുടെ പുതിയ പതിപ്പ്. 5കെ ഡിസ്പ്ലേ, വിആർ സപ്പോർട്ട്, യുഎസ്ബി–സി കണക്ടിവിറ്റിയും മികച്ച ഗ്രാഫിക്സും ഉൾപ്പെടെയുള്ള പുതുമകൾ. 70,000 രൂപ മുതൽ വില. 

∙ ഐഒഎസ് 11 – ആപ്പിൾ ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്. പുതിയ മെച്ചപ്പെടുത്തിയ സിരി, ഡു നോട്ട് ഡിസ്റ്റർബ് ഡ്രൈവിങ് മോഡ്, പണം സ്വീകരിക്കാനും അയയ്ക്കാനും കഴിയുന്ന ഐമെസ്സേജ് എന്നിവ പുതുമകൾ. 

∙ 10.5 ഇഞ്ച് ഐപാഡ് പ്രോ – ഐപാഡ് പ്രോ നിരയിലേക്ക് 10.5 ഇ‍ഞ്ച് സ്ക്രീൻ വലുപ്പമുള്ള പുതിയൊരു മോഡൽ കൂടി. 12 എംപി ക്യാമറ, 10 മണിക്കൂർ ബാറ്ററി ലൈഫ്.

∙ ഹൈ സിയെറ – ആപ്പിൾ ഐമാക് കംപ്യൂട്ടറുകളുടെയും മാക്ബുക്ക് ലാപ്ടോപുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്. 

∙ വാച്ച് ഒഎസ് 4 – ആപ്പിൾ വാച്ച് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്.