Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരക്കു കൈകാര്യം: കൊച്ചി തുറമുഖം ഒന്നാമത്

cochin-port-trust-office

കൊച്ചി ∙ ഏപ്രിൽ, മേയ് കാലയളവിലെ ചരക്കു കൈകാര്യ മികവിൽ കൊച്ചി പോർട് ട്രസ്റ്റ് രാജ്യത്ത് ഒന്നാമത്. 19.44 ശതമാനം വളർച്ചയാണു കൊച്ചി നേടിയത്. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലേറെ. രണ്ടാം സ്ഥാനം പാരദ്വീപിനും (15.49 %), മൂന്നാം സ്ഥാനം കൊൽക്കത്തയ്ക്കും (9.03 %). കണ്ട്‌ല, ന്യൂ മംഗളൂരു തുറമുഖങ്ങളാണു തൊട്ടുപിന്നിൽ.

ഏപ്രിൽ–മേയ് കാലത്തു രാജ്യത്തെ മേജർ തുറമുഖങ്ങളിലൂടെ 11.3 കോടി ടൺ ചരക്കാണു കടന്നുപോയത്. മുൻ വർഷത്തേക്കാൾ 5.56 ശതമാനം വളർച്ച. കനത്ത തിരിച്ചടിയേറ്റതു ചെന്നൈ തുറമുഖത്തിനാണ്. വളർച്ചാ നിരക്കു (-6.00 %) പൂജ്യത്തിനും താഴെയായി. വിശാഖപട്ടണവും നെഗറ്റീവ് വളർച്ചയാണു രേഖപ്പെടുത്തിയത്.

പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി വർധനയാണു കൊച്ചിയുടെ കുതിപ്പിനു സഹായിച്ചത്. മൊത്തം ചരക്കിന്റെ 28.12 ശതമാനവും ഈ ഉത്പന്നങ്ങളാണ്. കണ്ടെയ്നർ കൈകാര്യത്തിൽ തുറമുഖത്തിനു കീഴിലുള്ള വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനലും നേട്ടമുണ്ടാക്കി; 12.82%. അതേസമയം, രാസവള നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെയും മറ്റും കൈകാര്യത്തിൽ കുറവുണ്ടായി.

മേയിൽ മാത്രം വല്ലാർപാടം ടെർമിനൽ 19 ശതമാനം വളർച്ച നേടി. കൈകാര്യം ചെയ്തതു 47,000 ടിഇയു കണ്ടെയ്നറുകൾ. ഇതു റെക്കോഡാണ്. മാർച്ചിലെ 45,000 ടിഇയു ആയിരുന്നു നിലവിലെ റെക്കോഡ്. തമിഴ്നാടും കർണാടകയും ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നു ചരക്ക് ആകർഷിക്കാൻ പോർട് ട്രസ്റ്റും ടെർമിനലും നടത്തിയ ശ്രമങ്ങളുടെ ഫലമാണു കണ്ടെയ്നർ കൈകാര്യത്തിലെ വളർച്ചയെന്നു ടെർമിനൽ ഓപ്പറേറ്റർമാരായ ഡിപി വേൾഡ് കൊച്ചി ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ജിബു കുര്യൻ ഇട്ടി പറഞ്ഞു.

വാളയാർ ചെക് പോസ്റ്റിലെ തടസ്സം നീക്കിയതും രാജ്യത്തെ വിവിധ തുറമുഖങ്ങളിലേക്കു വല്ലാർപാടത്തു നിന്നു ഫീഡർ സർവീസുകൾ ആരംഭിച്ചതും നേട്ടമായി. രാസവള ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുക്കൾ, പെട്രോളിയം ഉൽപന്നങ്ങൾ, പലവക ഇനങ്ങൾ എന്നിവയുടെ വരവിൽ കാര്യമായ കുറവുണ്ടായതാണു ചെന്നൈയ്ക്കു തിരിച്ചടിയായത്. കൽക്കരി കൈകാര്യത്തിൽ വൻ ഇടിവു നേരിട്ടതാണു വിശാഖപട്ടണത്തിന്റെ തിളക്കം നഷ്ടപ്പെടുത്തിയത്. തൂത്തുക്കുടി, മുംബൈ നവഷേവ, ജെഎൻപിടി, മർമഗോവ തുറമുഖങ്ങൾക്കു ഭേദപ്പെട്ട വളർച്ച നേടാനായി.