ടെസ്‌ല എന്നൊരു കാറുണ്ടത്രെ, ഓടിക്കാനൊക്കില്ല

സോവിയറ്റെന്നൊരു നാടുണ്ടത്രെ, പോകാൻ കഴിഞ്ഞാൽ എന്തു ഭാഗ്യം എന്നു പണ്ടൊരു കവി വിലാപമുണ്ട്. കവിക്കു പോകാൻ ഭാഗ്യം കിട്ടി. ഇപ്പോൾ നാട്ടിലാകെ വണ്ടി പ്രേമികൾ ഇങ്ങനെ വിലപിക്കുന്നുണ്ട്: ടെസ്‌ല എന്നൊരു കാറുണ്ടത്രെ, ഓടിക്കാനായാൽ എന്തു ഭാഗ്യം! പക്ഷേ, കവിക്കുണ്ടായ ഭാഗ്യം ടെസ്‌ല പ്രേമികൾക്കു വിധിച്ചിട്ടില്ല.

അമേരിക്കൻ കാറാണു ടെസ്‌ല. ബാറ്ററി കൊണ്ടോടുന്ന വണ്ടി പക്ഷേ, ഓടിക്കാൻ കഴിയില്ല. ഡ്രൈവർ വെറുതേ മുറുക്കാൻ ചവച്ചു കാഴ്ചകൾ കണ്ടിരുന്നാൽ മതി, കാർ തനിയേ ഓടിക്കോളും. ഡ്രൈവർലെസ്, സെൽഫ് ഡ്രൈവിങ്, ഓട്ടോണമസ്  എന്നൊക്കെ സൗകര്യംപോലെ വിളിക്കാം. ലോകത്ത് ഓട്ടമൊബീൽ ബിസിനസിന്റെ അലകും പിടിയും മാറ്റാൻ പോകുന്ന വണ്ടിയാണ്. കുറേ കാറുകൾ പുറത്തിറങ്ങിയിട്ടുണ്ട്. അടുത്ത വർഷം ഫാക്ടറി പൂർണ ഉൽപാദനം തുടങ്ങുന്നതോടെ പതിനായിരക്കണക്കിനു വണ്ടികൾ ലോകമാകെ എത്തും. ഇപ്പോൾ തന്നെ ലോകമാകെ നിന്നു വണ്ടി ബുക്ക് ചെയ്തു കാത്തിരിക്കുന്നവരുണ്ടേ!

ഇമ്മാതിരി പുതുപുത്തൻ ഐഡിയകളും സാങ്കേതികവിദ്യകളും എന്തുകൊണ്ട് അമേരിക്കയിൽ നിന്നു വരുന്നു? ഗൂഗിളും ആപ്പിളും ഊബറും എല്ലാം അവിടുന്നാണ്. അമേരിക്കയെ നാഴികയ്ക്കു നാൽപതു വട്ടം കുറ്റം പറയുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണിത്. കാരണം പലതുണ്ടെങ്കിലും ഒരെണ്ണം പറയാം– അവരുടെ സർവകലാശാലകൾ ഗവേഷണ കേന്ദ്രങ്ങളാണ്. നമ്മുടേതു പോലെ നൂറു കണക്കിന് അഫിലിയേറ്റ് കോളജുകളും സെനറ്റ്–സിൻഡിക്കറ്റ് അലമ്പുമല്ല അവിടെ. ലോകത്തെ എണ്ണം പറഞ്ഞ യൂണിവേഴ്സിറ്റികൾ. ഇവിടെ അമേരിക്കയെ കുറ്റം പറയുന്നവരുടെ മക്കളൊക്കെ അങ്ങോട്ടാണു പോകുന്നത്.

സായിപ്പിന്റെ നാടുകളിലും കാർ റോഡുകളിൽ വ്യാപകമാവുന്നത് 1920 കളിലാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിൽ 1940 കളിൽ പോലും കാറുകളുടെ എണ്ണം വിരലെണ്ണാവുന്നതായിരുന്നു. അതിന്റെ ഉടമസ്ഥർ ആരൊക്കെയെന്ന് നാട്ടുകാർക്കൊക്കെ അറിയാമായിരുന്നു. ഇന്നത്തെപ്പോലെ സകലമാന പേർക്കും കാറെന്ന സ്ഥിതിയില്ല. അങ്ങനെ കാറുകൾ റോഡിലിറങ്ങിയിട്ട് ഏതാണ്ട് നൂറു കൊല്ലം തികയുന്ന കാലത്താണ് അടിമുടി മാറ്റം വരാൻ പോകുന്നത്. 

അമേരിക്കൻ കാർ കമ്പനി ജനറൽ മോട്ടോഴ്സ് ഇന്ത്യയിൽ ബിസിനസ് മതിയാക്കി വച്ചുകെട്ടുകയാണെന്നു പ്രഖ്യാപിച്ചിട്ട് അധിക നാളായിട്ടില്ല. ടെസ്‌ല മോട്ടോഴ്സ് കമ്പനി ഉണ്ടായിട്ടു കഷ്ടിച്ചു പത്തുകൊല്ലം. പക്ഷേ, അമേരിക്കയിൽ നൂറു കൊല്ലം തികച്ച ഫോഡിനേക്കാളും ജനറൽ മോട്ടോഴ്സിനേക്കാളും വിപണി മൂല്യം ടെസ്‌ല പിടിച്ചിരിക്കുകയാണ്. ടെസ്‌ലയുടെ ഡ്രൈവർലെസ് വരവു കണ്ടു മറ്റു കമ്പനിക്കാരും അടങ്ങിയിരിക്കുന്നില്ല. നിസാൻ, ഔഡി, ഹ്യുണ്ടായ് തുടങ്ങിയ കമ്പനിക്കാരൊക്കെ അവരുടെ വക ‘ഓട്ടോണമസ്’ കാറുകളുടെ മോഡലുകൾ ഇറക്കുകയാണ്. പണ്ടൊക്കെ ടെസ്റ്റ് ഡ്രൈവ് നടത്താമായിരുന്നു. ഇനിയിപ്പോൾ ഓടിച്ചു നോക്കേണ്ട. ചാരുശീലകൾ വെറുതേ ചാരിയിരുന്നാൽ മതി.

ഇമ്മാതിരി കാറുകൾ ഭാവിയിൽ ടാക്സിയായിട്ടും ഇറങ്ങിയേക്കും. പിന്നെയാരും സ്വന്തം കാറും കൊണ്ടു നടക്കില്ല. പാർക്കിങ് സ്ഥലങ്ങൾ ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്നു മതിയാകുമത്രെ. സിറ്റിയിൽ താമസിക്കാതെ ദൂരെ പോയി താമസിച്ചിട്ട് ഡ്രൈവർ വേണ്ടാത്ത കാറിൽ കാലത്തേ ഓഫിസിലേക്കു പോകാം. പോകും വഴി കാറിലിരുന്ന് ലാപ്ടോപ്പിലോ, സ്മാർട് ഫോണിലോ ജോലി ചെയ്യാം. വല്ലതും വായിച്ചിരിക്കാം, സിനിമ കാണാം. വണ്ടി ഓടിക്കലിന്റെ മെനക്കേട് ഇല്ലാത്തതിനാൽ പരമസുഖം.

ഇങ്ങനെ ഓരോന്നാണു കലികാലത്തു വന്നുകൊണ്ടിരിക്കുന്നത്. ബിസിനസ് വാർത്തകൾ പോലും മാറിപ്പോയിരിക്കുന്നു. സ്റ്റീൽ കമ്പനി, സിമന്റ് കമ്പനി വാർത്തകൾ ആർക്കും വേണ്ട. സോളറുണ്ടോ സ്റ്റാർട്ടപ്പുണ്ടോ ഓൺലൈൻ റീട്ടെയിലുണ്ടോ...? വാർത്തകളെല്ലാം അവയെപ്പറ്റി. കുറച്ചു കാലം വാർത്തയിൽ നിറഞ്ഞു നിന്നിട്ടു പൊട്ടിപ്പോയാലും സാരമില്ല. ടെസ്‌ലയുടെ സ്ഥാപക സിഇഒ എലൻ മസ്ക്, ഊബർ സ്ഥാപകൻ ട്രവിസ് കലാനിക്, ഫെയ്സ്ബുക്കിന്റെ സുക്കർബർഗ്....എന്നൊക്കെ കേട്ടാൽ രോമാഞ്ചം. 

ഒടുവിലാൻ ∙ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കൊലകൊമ്പൻ സിഇഒമാരെ പെട്ടെന്നു കാണാതാകും. നിക്ഷേപകർ കോടികൾ നിക്ഷേപിച്ചു വളർത്തിയെടുത്ത കമ്പനിയുടെ സ്ഥാപകനെ അവർക്കു വേണ്ടാതാകുമ്പോൾ പുറത്താക്കുന്നു. ഓണാട്ടുകര ഭാഷയിൽ മുഖമടച്ചു പറഞ്ഞുകളേം: എന്നാലാട്ട്, കൊച്ചാട്ടൻ ചെന്നാട്ട്. ഊബറിന്റെ ട്രവിസ് കലാനിക്കും ഫ്ളിപ്കാർട്ടിന്റെ സച്ചിൻബൻസാലുമൊക്കെ അങ്ങനെ പുറത്തായവരാണ്.