Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

70 വർഷങ്ങൾ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ സുപ്രധാന മാറ്റങ്ങൾ

make-in-india-economy

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയ്ക്കു തുടങ്ങേണ്ടിയിരുന്നത് ഒന്നുമില്ലായ്മയിൽ നിന്നാണ്. സ്വന്തം അസ്തിത്വത്തിൽ നിന്നു സ്വാതന്ത്ര്യത്തോടെയുള്ള തുടക്കം. ഇപ്പോൾ സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം പിന്നിടുമ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമെന്ന വിശേഷണം ഇന്ത്യയ്ക്കു സ്വന്തമാണ്. ഈ നേട്ടത്തിനു പിന്നിലെ ചരിത്രവഴികൾ. 

പഞ്ചായത്തീരാജ്

വികസനത്തിന്റെ ചരടും അധികാരത്തിന്റെ ചക്രവും പഞ്ചായത്തുകൾക്കു വിഭജിച്ചു നൽകുന്നതായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തന്ത്രപരമായ സാമ്പത്തിക തീരുമാനം. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണു വികസന, സാമ്പത്തിക പദ്ധതികൾ വിഭാവനം ചെയ്തത്. ഗ്രാമീണ ഇന്ത്യയിലേക്കു ഭരണവും വികസന പദ്ധതികളും ഇറങ്ങിച്ചെല്ലാൻ പദ്ധതി സഹായകരമായി. 

ലൈസൻസ് രാജ്, പെർമിറ്റ് രാജ്

ജവാഹർ ലാൽ നെഹ്‌റു കൊണ്ടുവന്ന അടുത്ത പരിഷ്കാരമായിരുന്നു ലൈസൻസ്, പെർമിറ്റ് സംവിധാനം. 1947 മുതൽ 1990 വരെ ഈ സംവിധാനമാണുണ്ടായിരുന്നത്. രാജ്യകേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയ്ക്കു തുടക്കം കുറിച്ചത് ലൈസൻസ് വ്യവസ്ഥയോടെയാണ്. 

തൊഴിലുറപ്പ്

ഗ്രാമീണ ഇന്ത്യയുടെ വാങ്ങൽശേഷി ഉയർത്താനുള്ള തൊഴിലുറപ്പു പദ്ധതികൾക്കു തുടക്കം കുറിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പു പദ്ധതിയെന്നു പേരു ലഭിക്കുന്നതു വർഷമേറെ കഴിഞ്ഞിട്ടാണ്. 

ഹരിത വിപ്ലവം

1960 നെ ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ രേഖപ്പെടുത്തുന്നതു ഹരിത ലിപികൾക്കൊണ്ടാണ്. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ ഉൽപാദകരായി മാറാൻ ഹരിതവിപ്ലവത്തിലൂടെ കഴിഞ്ഞു.

ധവള വിപ്ലവം

60–70 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദകരാക്കി ഇന്ത്യയ മാറ്റി, ധവള വിപ്ലവം.

ആദ്യ പ്രതിസന്ധി

1966 ൽ ആണു സ്വതന്ത്ര ഇന്ത്യ ആദ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുന്നത്. കടവും കമ്മികളും സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ചു. കരുതൽ ശേഖരങ്ങൾ ചോർന്ന്, ചരിത്രത്തിലെ ഏറ്റവുംവലിയ താഴ്ചയിലേക്കു വീണു. 20,000  കോടി രൂപ അടിയന്തര ഫണ്ടായി ലോകബാങ്കിൽ നിന്നു കടമെടുത്തു.

രൂപയുടെ മൂല്യം 36.5 ശതമാനം ഇടിച്ചുകൊണ്ടാണു പ്രതിസന്ധിയെ അതിജീവിക്കാൻ ഇന്ത്യ തീരുമാനിച്ചത്. 4.75 രൂപയായിരുന്ന ഡോളർ വില 7.5 ലേക്ക് ഉയർന്നു. 13.33 രൂപയായിരുന്ന പൗണ്ട് 21 രൂപയിലേക്കും ഉയർന്നു. പ്രതിസന്ധികളെത്തുടർന്നു നാലാം പഞ്ചവൽസര പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തു, സർക്കാർ.  രൂപയുടെ മൂല്യമിടിക്കാനുള്ള തീരുമാനം ഫലം കണ്ടില്ല.

ബാങ്ക് ദേശസാൽക്കരണം

രാജ്യത്തിലെ 85% ബാങ്ക് നിക്ഷേപവുമുള്ള പ്രധാനപ്പെട്ട 14 സ്വകാര്യബാങ്കുകളെ ദേശീയ ബാങ്കുകളാക്കി മാറ്റി. 1969 ജൂലൈ 19 നായിരുന്നു ഇന്ദിരാ ഗാന്ധി സർക്കാരിന്റെ നിർണായക തീരുമാനം. ബാങ്ക് ദേശീയവൽക്കരണത്തിന്റെ രണ്ടാം ഘട്ടം 1980 ലും നടപ്പാക്കി. അങ്ങനെ രാജ്യത്തെ ബാങ്കിങ് ബിസിനസിന്റെ 91 ശതമാനവും ഗവൺമെന്റിന്റെ കയ്യിലായി. 

വീണ്ടും പ്രതിസന്ധിയിലേക്ക്

1970–80 കാലഘട്ടത്തിൽ വീണ്ടും പ്രതിസന്ധിയിലേക്കു പേ‌ായി സമ്പദ്‌വ്യവസ്ഥ. മൂന്നു ശതമാനമായിരുന്ന വിലപ്പെരുപ്പം 22 ശതമാനത്തിലേക്കുയർന്നു. വ്യാപാരക്കമ്മി കൂടി. പെട്രോളിയം ഇറക്കുമതിക്കുള്ള ഭാരിച്ച ചെലവു താങ്ങാനാകാതെ വന്നു. കമ്മിക്കണക്കുകൾ മാത്രമുള്ള സമ്പദ്‌വ്യവസ്ഥയായി മാറി  ഇന്ത്യ. 

വീണ്ടും കടമെടുപ്പ്

പ്രതിസന്ധി നേരിടാൻ ഐഎംഎഫിൽ നിന്ന് കടമെടുക്കാനുള്ള തീരുമാനത്തിലേക്ക്.

വ്യവസായത്തിലേക്കു ശ്രദ്ധ

പെട്രോളിയം ഉൽപന്നങ്ങൾ, സ്റ്റീൽ, മറ്റു ലോഹങ്ങൾ, വളങ്ങൾ തുടങ്ങിയവയുടെ ഉൽപാദനം കൂട്ടാൻ തീരുമാനമെടുക്കുന്നു. 1966 ലെയും 81 ലെയും ഐഎംഎഫ് ഇടപെടലുകൾ വിലപ്പെരുപ്പത്തിൽ നിന്നു രക്ഷിച്ചു. പ്രതിസന്ധികൾക്കിടയിലും വളർച്ചാ നിരക്ക് അഞ്ചു ശതമാനത്തോളമെത്തി. പെപ്സി പോലുള്ള വിദേശകമ്പനികൾക്കായി ഇന്ത്യ  വാതിൽ തുറന്നതും ഈ കാലഘട്ടത്തിൽ തന്നെ. 

വലിയ തീരുമാനം

1990 തുടങ്ങിയത് ശുഭ സൂചനകളോടെയായിരുന്നില്ല. കരുതൽ ശേഖരത്തിലെ സ്വർണം പണയം വച്ചും വായ്പകൾ സ്വീകരിച്ചും പിടിച്ചുനിന്ന ഇന്ത്യ വലിയ തീരുമാനങ്ങളിലേക്കുള്ള തുടക്കമിട്ടത് ഈ കാലഘട്ടത്തിലാണ്.

പെർമിറ്റ്, ലൈസൻസിങ് സംവിധാനം മാറ്റി. ഉദാരവൽക്കരണം എന്ന പുതിയ നയത്തിലേക്ക് ഇന്ത്യ ചുവടുമാറി. ആഗോള വിപണിയുടെ ഭാഗമായി ഇന്ത്യ മാറി. വിദേശ കമ്പനികൾ ഇന്ത്യയിലെത്തി. 1990 മുതൽ 2000 വരെ സാമ്പത്തിക വളർച്ചാ നിരക്കും ഉയർന്നു.

സ്വകാര്യവൽക്കരണം

വാജ്പേയി സർക്കാരിന്റെ കാലത്താണു സ്വകാര്യവൽക്കരണത്തിന്റെ വലിയ മാറ്റങ്ങളുണ്ടായത്. വലിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം 2001–2003 കാലഘട്ടത്തിൽ നടന്നു. 

വിദേശ നിക്ഷേപം ഒഴുകുന്നു

2004–2014 വിദേശ നിക്ഷേപങ്ങൾക്കായി ഇന്ത്യ കൂടുതൽ മേഖലകൾ തുറന്നിട്ടു. 2008 ലെ സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയ്ക്കു കാര്യമായ കുലുക്കമുണ്ടായില്ല.

പ്രതിസന്ധികൾ അതിജീവിച്ച അമേരിക്ക ഉത്തേജക പാക്കേജുകൾ ഇന്ത്യയിൽ നിന്നു  പിൻവലിക്കുമെന്ന ഊഹാപോഹങ്ങളുയർന്നതോടെ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായതൊഴിച്ചാൽ ലോകരാജ്യങ്ങളെ ഗ്രസിച്ച പ്രതിസന്ധിയിൽ ഇന്ത്യ കുലുങ്ങാതെ പിടിച്ചുനിന്നു. 

മെയ്ക് ഇൻ ഇന്ത്യ

നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു മെയ്ക് ഇൻ ഇന്ത്യ. ബിസിനസ് തുടങ്ങാൻ ചുവപ്പുനാടകൾ അഴിച്ചുമാറ്റി ചുവപ്പുപരവതാനി വിരിക്കുമെന്നായിരുന്നു വാഗ്ദാനം.

നോട്ട് നിരോധനം

2017 നവംബർ എട്ടിനു നരേന്ദ്രമോദി സർക്കാർ എടുത്ത കടുത്ത തീരുമാനം പക്ഷേ, ജനങ്ങളെ പിടിച്ചുലച്ചു. പട്ടിണിയിലേക്കും അരാചകത്വത്തിലേക്കും ദിവസങ്ങളോളം സാധാരണജനങ്ങളെ തള്ളിവിട്ട തീരുമാനത്തിനു പിന്നിൽ കള്ളപ്പണവേട്ടയായിരുന്നു ലക്ഷ്യം. 

ജിഎസ്ടി

രാജ്യം മുഴുവൻ ഒറ്റ നികുതി ഏർപ്പെടുത്തുന്ന ജിഎസ്ടി സംവിധാനം ജൂൺ ഒന്നിന് ആരംഭിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണമായിരുന്നു ഇത്.