സിയാൽ ഓഹരി വിൽപന ഇല്ല: മുഖ്യമന്ത്രി

കൊച്ചി ∙ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) ഓഹരി വിൽപന ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ‘പബ്ലിക് ഇഷ്യു’ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.  സിയാൽ ഓഹരിയുടമകളുടെ  വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഓഹരിയുടമകൾക്ക് 2016-17 സാമ്പത്തികവർഷം 25% ലാഭവിഹിതം നൽകും. ഇത്തവണത്തേത് ഉൾപ്പെടെ ഓഹരിയുടമകൾക്കു ലഭിക്കുന്ന മൊത്തം ലാഭവിഹിതം 203%. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 15.06 ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 25.99 ശതമാനവുമാണു മുൻവർഷത്തെ അപേക്ഷിച്ച് സിയാലിന്റെ വളർച്ച. ദേശീയപാതയിൽ നിന്നുള്ള 4.3 കിലോമീറ്റർ റോഡ് നാലുവരിയായി വികസിപ്പിച്ചു. സിയാലിന്റെ സൗരോർജ സ്ഥാപിതശേഷി 23.2 മെഗാവാട്ടായി വർധിപ്പിച്ചു. നടപ്പു  സാമ്പത്തികവർഷം സൗരോർജ പ്ലാന്റിന്റെ  ശേഷി 40 മെഗാവാട്ടായി ഉയർത്തും.

വിമാനത്താവളത്തിന്റെ തെക്കുഭാഗത്തു കൂടിയുള്ള കനാലിന്റെ മുകളിൽ 5.9 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ നിർമാണം വൈകാതെ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിയാൽ ഡയറക്ടർമാരായ മന്ത്രി വി.എസ്. സുനിൽകുമാർ, മന്ത്രി മാത്യു ടി. തോമസ്, എം.എ. യൂസഫലി, എൻ.വി. ജോർജ്, ഇ.എം. ബാബു, കെ. റോയ് പോൾ, എ.കെ. രമണി, മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ്, ചീഫ് ഫിനാൻഷ്യൽ ഓഫിസർ സുനിൽ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

സിയാൽ: നേട്ടം ഇങ്ങനെ

∙ 2016–17 സാമ്പത്തികവർഷത്തിൽ സിയാലിന്റെ ലാഭം: 179.45 കോടി രൂപ.

∙ സിയാലും ഉപകമ്പനിയായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസ് ലിമിറ്റഡും ചേർന്ന് 669.09 കോടി രൂപ മൊത്തവരുമാനം.

∙ ഈ വർഷം കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം: 89.4 ലക്ഷം.