ഓണം ബംപർ: സർക്കാരിന് ലാഭം 50 കോടി രൂപ

തിരുവനന്തപുരം ∙ സുവർണജൂബിലി ഓണം ബംപർ ഭാഗ്യവാനു 10 കോടി കിട്ടുമ്പോൾ ഇൗ ഒറ്റ നറുക്കെടുപ്പിലൂടെ സർക്കാരിന്റെ പോക്കറ്റിലെത്തുന്നത് റെക്കോർഡ് ലാഭം: 50 കോടിയോളം രൂപ. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും 65 ലക്ഷം ടിക്കറ്റുകളേ ഇത്തവണ മൂന്നു ഘട്ടങ്ങളിലായി അച്ചടിച്ചു വിതരണം ചെയ്തിരുന്നുള്ളൂ. അതെല്ലാം വിറ്റുതീരുകയും ചെയ്തു. 

സംസ്ഥാന ലോട്ടറിയുടെ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള സമ്മാനവും ടിക്കറ്റുമാണ് ഇത്തവണത്തെ റെക്കോർഡ് ലാഭത്തിനു കാരണം. 10% ഏജന്റ് കമ്മിഷനും ബാക്കി വരുന്ന തുകയുടെ 30% ആദായനികുതിയും ഇൗടാക്കുന്നതിനാൽ 10 കോടിയുടെ ഭാഗ്യവാന് ആറു കോടി 30 ലക്ഷം രൂപയേ കയ്യിൽ കിട്ടൂ. 10 കോടി രൂപയുടെ സുവർണജൂബിലി ഓണം ബംപർ സമ്മാനം മലപ്പുറത്തു വിറ്റ ടിക്കറ്റിനാണ്.

ഇന്നലെ ഉച്ചയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യം നറുക്കെടുത്തപ്പോൾ സമ്മാനമടിച്ചത് അച്ചടിക്കാത്ത ടിക്കറ്റിന്. രണ്ടാംവട്ടമാണ് എജെ 442876 എന്ന ഭാഗ്യ നമ്പർ തെളിഞ്ഞത്. ഇതേ നമ്പറിന്റെ മറ്റു സീരീസിൽപെട്ട ടിക്കറ്റുകൾ വാങ്ങിയ ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും 10 പേർക്ക് 50 ലക്ഷം രൂപ വീതം രണ്ടാം സമ്മാനവും ലഭിക്കും. 20 പേർക്കാണ് 10 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം. 12% ജിഎസ്ടി അടക്കം 250 രൂപയായിരുന്നു ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ മുഖവില. വിറ്റുവരവായി ആകെ കിട്ടിയത് 145 കോടി രൂപ. സമ്മാനങ്ങൾ നൽകാൻ 51 കോടിയും ഏജന്റുമാർക്കു സമ്മാന കമ്മിഷനായി 5.12 കോടിയും ചെലവാകും.

അച്ചടി, സർക്കാർ ഫണ്ടിലേക്കുള്ള കൈമാറ്റം, 12% ജിഎസ്ടി തുടങ്ങിയ വകയിലാണു ബാക്കി ചെലവ്. 1967ൽ ഒരു രൂപയുടെ ടിക്കറ്റ് വിറ്റും 50,000 രൂപയുടെ ഒന്നാം സമ്മാനം നൽകിയുമായിരുന്നു സംസ്ഥാന ലോട്ടറിയുടെ തുടക്കം. കഴിഞ്ഞ വർഷം 7,394 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റെങ്കിൽ ഇൗ വർഷത്തെ ലക്ഷ്യം 10,000 കോടി രൂപയാണ്. നാലരക്കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബംപർ ലോട്ടറി ഇന്നലെ വിപണിയിലിറക്കി.