കെഎസ്ഇബി എൽഇഡി ബൾബിനും ജിഎസ്ടി ഷോക്ക്; ഒരു ബൾബിന് 6.96 രൂപ വർധിക്കും

പാലക്കാട് ∙ കെഎസ്ഇബിയുടെ എൽഇഡി ബൾബ് വിതരണ പദ്ധതിക്കും ജിഎസ്ടി ഷോക്ക്. ഇതേത്തുടർന്നു നിർത്തിവച്ച ബൾബ് വിതരണം 12% നികുതി ഉപയോക്താക്കളുടെ തലയിൽ കെട്ടിവച്ചു പുനരാരംഭിച്ചു. പുതിയ നികുതി പ്രാബല്യത്തിലായപ്പോൾ എ‍ൽഇഡി ബൾബിനു കൂടിയത് 6.96 രൂപ. ഇതുൾപ്പെടെ 65 രൂപ നൽകിവേണം ഉപയോക്താക്കൾ കെഎസ്ഇബിയിൽ നിന്ന് ഇനി എൽഇഡി ബൾബ് വാങ്ങാൻ.

ഒരു ഉപയോക്താവിന് ആദ്യ ഘട്ടത്തിൽ രണ്ടു ബൾബുകളാണു ലഭിക്കുക. ഏറ്റവും ഒടുവിൽ വൈദ്യുതിനിരക്ക് അടച്ച രസീതുമായി എത്തിയാൽ ബന്ധപ്പെട്ട സെക്‌ഷൻ ഓഫിസുകളിൽ നിന്നു ബൾബ് കൈപ്പറ്റാം. നേരത്തെ ലഭിച്ച ബൾബിനു തകരാർ പറ്റിയിട്ടുണ്ടെങ്കിൽ അതു മാറ്റിവാങ്ങാം. എല്ലാവർക്കും രണ്ട് എൽഡിഇ ബൾബുകൾ ലഭിച്ചെന്ന് ഉറപ്പാക്കിയശേഷം അടുത്ത ഘട്ട വിതരണം ആരംഭിക്കും. ഗാർഹിക ഉപയോക്താക്കൾക്കു ഘട്ടംഘട്ടമായി 10 ബൾബു വരെ നൽകി കാര്യക്ഷമമായ സംവിധാനത്തിലൂടെ വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണു ലക്ഷ്യം.

ജിഎസ്ടി പ്രാബല്യത്തിലാകുന്നതിനു മുൻപ് 60 രൂപയ്ക്കാണു കെഎസ്ഇബി ബൾബ് നൽകിയിരുന്നത്. ജിഎസ്ടി നടപ്പായതോടെ എൽഇഡി ബൾബുകളുടെ നികുതി നിർണയം സംബന്ധിച്ച് ആദ്യം വ്യക്തത ഉണ്ടായിരുന്നില്ല. പിന്നീടാണു 12% എന്നു നിജപ്പെടുത്തിയത്. ഇതു കംപ്യുട്ടറിൽ രേഖപ്പെടുത്താൻ പിന്നെയും കാലതാമസമുണ്ടായി. ജിഎസ്ടി നിരക്കു കൂടി രേഖപ്പെടുത്തിയ വിൽപന വിലയും ആവശ്യത്തിന് എൽഇഡി ബൾബുകളുമായാണു വിതരണം പുനരാരംഭിച്ചത്.