ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും: കടകംപള്ളി

തിരുവനന്തപുരം∙ സംസ്ഥാനത്തു ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ടൂറിസം മേഖലയിലെ എല്ലാ വിഭാഗങ്ങളെയും നിരീക്ഷിക്കാനുള്ള പരമോന്നത സംവിധാനമായിരിക്കും ഇത്. വ്യത്യസ്ത ടൂറിസം മേഖലകളിൽ സർക്കാർ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാനുള്ള അധികാരം അതോറിറ്റിക്ക് ഉണ്ടാകുമെന്നും പുതിയ ടൂറിസം നയം പ്രഖ്യാപിച്ചു മന്ത്രി അറിയിച്ചു.

നയത്തിലെ  പ്രധാന നിർദേശങ്ങൾ

∙കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി രാജ്യാന്തര പ്രശസ്തിയുള്ള വ്യക്തിയെ നിയോഗിക്കും.   
∙യുവയാത്രികർ, പ്രഫഷനലുകൾ, പ്രത്യേക അഭിരുചിയുള്ള സംഘങ്ങൾ, വിദ്യാർഥികൾ, കലാകാരന്മാർ എന്നിവരെ ലക്ഷ്യമിട്ടു പുതിയ ടൂറിസം ഉൽപന്നങ്ങൾ അവതരിപ്പിക്കും. മൺസൂൺകാലം കൂടി വിപണനം ചെയ്യാനാകും.
∙പുതിയ 1000 ക്ലാസിഫൈഡ് ഹോംസ്റ്റേകൾ കൂടി
∙മലയാളികളുടെ വാരാന്ത്യയാത്ര പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കും. ഇതിനായി കേരളത്തിലെ അധികം അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പ്രത്യേക ടൂർ പാക്കേജുകൾ സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ സഹായത്തോടെ നടപ്പാക്കും.
∙ടൂറിസം മേഖലയിൽ മുതൽ മുടക്കുന്ന പ്രവാസികൾക്കു പ്രോത്സാഹനം നൽകാൻ പ്രത്യേക ഇൻവെസ്റ്റ്‌മെന്റ് സെൽ രൂപീകരിക്കും.