വാണിജ്യ സ്ഥാപന റജിസ്‌ട്രേഷൻ പുതുക്കാന്‍ അപേക്ഷ 30 വരെ

കേരളത്തിൽ പ്രവർത്തിക്കുന്ന കടകൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയ എല്ലാ വാണിജ്യ സ്ഥാപനങ്ങളും 1960 ലെ കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള റജിസ്‌ട്രേഷൻ എടുക്കണം. റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് അതു ലഭിച്ച വർഷത്തേക്കു മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളൂ. റജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ ഓരോ വർഷവും നിർദിഷ്ട കാലപരിധി അവസാനിക്കുന്നതിന് ഒരു മാസം മുൻപ് നിശ്ചിത ഫീസ് അടച്ച ഒറിജിനൽ ചെലാൻ രസീതിനോടൊപ്പം സമർപ്പിക്കേണ്ടതാണ്. റജിസ്‌ട്രേഷൻ പുതുക്കുന്നതിനു വേണ്ടി ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കണം. 

തൊഴിൽ വകുപ്പിന്റെ വെബ്‌സൈറ്റിൽ റജിസ്‌ട്രേഷൻ പുതുക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകേണ്ടതാണ്. ചെലാൻ ഡൗൺലോഡ് ചെയ്ത് ട്രഷറിയിൽ തുക അടച്ചശേഷം ഒറിജിനൽ ചെലാനും ഡൗൺലോഡ് ചെയ്ത അപേക്ഷയും തൊഴിൽ വകുപ്പിന്റെ ബന്ധപ്പെട്ട ഓഫിസിൽ സമർപ്പിക്കണം. 

റജിസ്‌ട്രേഷൻ ലഭിക്കുന്നതിനും പുതുക്കുന്നതിനും ഈടാക്കുന്ന ഫീസ് നിരക്ക് ഏകീകൃതമാണ്. എന്നിരുന്നാലും റജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കാത്ത പക്ഷം പുതുക്കൽ ഫീസിനൊപ്പം ഫീസിന്റെ 25% വരുന്ന തുക പിഴയായി നൽകേണ്ടി വരും. 

ഇപ്രകാരം റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയത്/പുതുക്കിയത് എന്തെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയോ ശരിയായ വിവരങ്ങൾ മറച്ചുവച്ചോ വ്യവസ്ഥകൾ പാലിക്കാതെയോ ആണെങ്കിൽ തൊഴിലുടമയ്ക്കു തന്റെ ഭാഗം വ്യക്തമാക്കാനുള്ള അവസരം കൊടുത്ത്, തൊഴിൽ വകുപ്പ് അധികാരിക്കു പ്രസ്തുത റജിസ്‌ട്രേഷൻ ക്യാൻസൽ/സസ്‌പെൻഡ് ചെയ്യാവുന്നതാണ്. 

റജിസ്‌ട്രേഷൻ അനുവദിക്കുന്നതും പുതുക്കുന്നതും നിരാകരിക്കുകയോ റജിസ്‌ട്രേഷൻ ക്യാൻസൽ/സസ്‌പെൻഡ് ചെയ്യുകയോ മൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്ന ഒരു തൊഴിലുടമയ്ക്ക് പ്രസ്തുത ഓർഡർ ലഭിച്ച് 60 ദിവസത്തിനുള്ളിൽ നിശ്ചിത ഫീസ് അടച്ച് സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള വ്യക്തിക്കു മുൻപാകെ അപ്പീൽ സമർപ്പിക്കാവുന്നതാണ് (വകുപ്പ് 5B ). ഈ നിയമപ്രകാരം ലഭിച്ച/പുതുക്കിയ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ ഏവർക്കും വ്യക്തമായി കാണാവുന്ന ഭാഗത്തു പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്. 

റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുകയാണെങ്കിൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഭേദഗതി ചെയ്യുന്നതിനായി പ്രസ്തുത മാറ്റം സംഭവിച്ച് ഒരു മാസത്തിനുള്ളിൽ ഫോം BIIIയിൽ നിശ്ചിത ഫീസ് സഹിതം ബന്ധപ്പെട്ട തൊഴിൽ വകുപ്പ് അധികാരിക്ക് അപേക്ഷ നൽകേണ്ടതാണ്.