ഇൻഷുറൻസ് കമ്പനിയുടെ ആസ്ഥാനത്തെ ഓംബുഡ്സ്മാന്റെ ‌പരിധിയിൽ രാജ്യം മുഴുവൻ

ന്യൂഡൽഹി ∙ ഇൻഷുറൻസ് കമ്പനിയുടെ ആസ്ഥാനത്തെ ഓംബുഡ്സ്മാന് രാജ്യത്തെവിടെയുമുള്ള ശാഖകളിലെ ഉപയോക്താക്കളുടെ പരാതി പരിഗണിക്കാമെന്ന് ഡൽഹി ഹൈക്കോടതി. ഉത്തർപ്രദേശ് സ്വദേശി ഡൽഹിയിലെ ഓംബുഡ്സ്മാനു നൽകിയ പരാതി തള്ളിയതു ചോദ്യം ചെയ്ത ഹർജിയിലാണ് ഉത്തരവ്.

ഇൻഷുറൻസ് കമ്പനിയുടെ ശാഖയോ ഓഫിസോ ഓംബുഡ്സ്മാന്റെ അധികാര പരിധിക്കുള്ളിലാണെങ്കിൽ ആ ശാഖയിലെയൊ ഓഫിസിന്റെയോ കീഴിലെ ഉപയോക്താക്കളുടെ പരാതികളിൽ ആ ഓംബുഡ്സ്മാന് ഇടപെടാമെന്നാണ് ഇതുസംബന്ധിച്ച നിയമമെന്ന് പരാതിക്കാരൻ വാദിച്ചത് കോടതി അംഗീകരിച്ചു.

ഇൻഷുറൻസ് കമ്പനിയുടെ ഹെഡ് ഓഫിസ് ഡൽഹി ഓംബുഡ്സ്മാന്റെ പരിധിയിലാകയാൽ രാജ്യത്തെ ഏതു ശാഖയുടെ കീഴിലെ ഉപയോക്താവിനും ഡൽഹിയിൽ പരാതി നൽകാം. ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഉപയോക്താവാണു കോടതിയെ സമീപിച്ചത്.