സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പ്രചാരണ പരിപാടിയുമായി കേരള ടൂറിസം

തിരുവനന്തപുരം∙ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനായി പുതിയ പ്രചാരണ പരിപാടിയുമായി കേരള ടൂറിസം. ഡിജിറ്റൽ മാർക്കറ്റിങ് വഴി കേരളത്തിലെ വിനോദസഞ്ചാര സാധ്യതകൾ യാത്രക്കാരിലെത്തിക്കാനാണു ടൂറിസം വകുപ്പിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡിജിറ്റൽ ട്രാവൽ കമ്യൂണിറ്റിയായ ഹോളിഡേ ഐക്യുവുമായി ചേർന്നു ഗോ കേരള പ്രചാരണപരിപാടി തുടങ്ങി.

ഗോ കേരളയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത അഞ്ചു ദമ്പതികൾക്ക് 10 ദിവസം കേരളത്തിലെ അധികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒരുക്കി, കേരളത്തിലെ യാത്രാനുഭവത്തെക്കുറിച്ചുള്ള ഇവരുടെ കുറിപ്പുകളും ചിത്രങ്ങളും വിഡിയോകളും ഹോളിഡേ ഐക്യു വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.

പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി നടന്ന സംഗമം ടൂറിസം ഡയറക്ടർ പി.ബാലകിരൺ ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്നു കേരളത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വർഷം രണ്ടിരട്ടിയിലേറെ വർധിച്ചതായി അദ്ദേഹം പറഞ്ഞു. കേരളത്തെ കുടുംബവിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കുടുംബങ്ങൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന മേഖലകളിലൊന്നായി വിനോദസഞ്ചാരം മാറിയെന്നും ഇതു കേരളത്തിനു വലിയ അവസരമാണ് ഒരുക്കുന്നതെന്നും ഹോളിഡേ ഐക്യു ഫൗണ്ടർ ഹരി നായർ പറഞ്ഞു.