വിദേശത്തു നിന്നും പണമ‌യക്കാൻ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ‍്യയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

തൃശൂർ∙ ഡിജിറ്റൽ ബാങ്കിങ് രംഗത്തെ മുൻനിരക്കാരായ സൗത്ത് ഇന്ത്യൻ ബാങ്ക്, മിഡിൽ ഇൗസ്റ്റിലെ ഒരു പ്രമുഖ എക്സ്ചേഞ്ച് ഹൗസുമായി സഹകരിച്ച് ബ്ലോക്ക് ചെയിൻ ടെക്നോളജി ഉപയോഗിച്ച് വിദേശത്തുനിന്നും പണമയക്കാനുള്ള സംവിധാനം നടപ്പിലാക്കി. ഇതോടെ, ബ്ലോക്ക് ചെയിനിലൂടെ അതിവേഗം പണമയക്കാനുള്ള അത്യാധുനിക സംവിധാനമുള്ള ലോകത്തെ പ്രമുഖ ബാങ്കുകളുടെ നിരയിൽ സൗത്ത് ഇന്ത്യൻ ബാങ്കും സ്ഥാനം പിടിച്ചു.

യു.എ.ഇ-യിൽ നിന്നും ഇന്ത്യയിലേക്കുള്ള ഫോറക്സ് ഇടപാടിലൂടെയാണ് നൂതന സംവിധാനത്തിന് തുടക്കം കുറിച്ചത്. ട്രാൻസാക്ഷൻ പ്ലാറ്റ്ഫോമുകളിൽ ബ്ലോക്ക് ചെയിൻ ടെക്നോളജി നടപ്പിലാക്കിയത് വേഗത്തിലും സുരക്ഷിതത്വത്തോടെയും പണമയക്കാനുള്ള പുതിയ ടെക്നോളജിയുടെ ഗുണങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ്. സംവിധാനം ലളിതവും ഒാട്ടോമേറ്റഡും സുരക്ഷിതവുമാണ്. കൂടാതെ വളരെ കുറഞ്ഞ ഡാറ്റാ നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

നിലവിൽ ബാങ്കിന് ജി.സി.സി രാഷ്ട്രങ്ങൾ, സിംഗപ്പൂർ, ഒാസ്ട്രേലിയ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായി 4 ബാങ്കുകളുമായും 34 എക്സ്ചേഞ്ച് ഹൗസുകളുമായും സഹകരിച്ചുള്ള റെമിറ്റൻസ് സംവിധാനമുണ്ട്. ഡിജിറ്റൽ ബാങ്കിങ് സംവിധാനങ്ങൾക്ക് ഏറെ പ്രാമുഖ്യം കൽപ്പിക്കുന്ന ബാങ്ക് എസ്.ഐ.ബി. മിറർ പ്ലസ് എന്നു പേരായ മൊബൈൽആപ്ലിക്കേഷനും അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിൽ ഡിജിറ്റൽ ഇ-ലോക്ക് എന്ന സംവിധാനത്തിലൂടെ ഇടപാടുകാർക്ക് തങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്ത് സുരക്ഷിതത്വം ഉറപ്പാക്കാനുമാകും.