കേരള ബാങ്ക് രൂപീകരണം: സർക്കാർ പിന്നോട്ടില്ലെന്ന് കടകംപള്ളി

തിരുവനന്തപുരം∙ കേരള ബാങ്ക് രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിൽനിന്നു സംസ്ഥാന സർക്കാർ പിന്നോട്ടു പോയിട്ടില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ത്രിതല സംവിധാനത്തിൽനിന്നു ദ്വിതലത്തിലേക്കു മാറ്റുന്നതുതന്നെ കേരള ബാങ്ക് രൂപീകരണത്തിനു വേണ്ടിയാണ്. സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ച് ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ കേരള ബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്കിനും നബാർഡിനും അപേക്ഷ നൽകിയിട്ടുണ്ട്. ഇതേക്കുറിച്ചു തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങൾ കുറെനാളായി നടക്കുന്നുണ്ട്.

സംസ്ഥാന സഹകരണബാങ്ക് ആകെ നഷ്ടത്തിലാണെന്ന വാർത്തകൾ ഗൂഢ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ സംസ്ഥാന സഹകരണബാങ്കിന്റെ പ്രവർത്തന ലാഭം 90 കോടിയോളം രൂപയായി വർധിച്ചു. കണക്കുകൾ തെറ്റായി ഉദ്ധരിച്ചും ഊതിപ്പെരുപ്പിച്ചും കേരള ബാങ്ക് ഉണ്ടാകില്ലെന്ന തരത്തിൽ പ്രചാരണം നടത്തുന്നവർ സഹകരണമേഖലയുടെ സംരക്ഷകരല്ലെന്നു പൊതുസമൂഹം മനസ്സിലാക്കണം.

കേരള സഹകരണ ബാങ്ക് യാഥാർഥ്യമാക്കുന്നതിനു വേണ്ടി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു നടപടിക്രമങ്ങൾ അതിവേഗം മുന്നോട്ടു നീക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ‌ അറിയിച്ചു.