ഫ്രാഞ്ചൈസി സ്ഥാപനത്തിലെ തൊഴിലാളികളുടെ ഇപിഎഫ്

മുംബൈയിൽ റജിസ്റ്റേഡ് ഓഫിസ് ഉള്ള ഒരു കുറിയർ കമ്പനി അതിന്റെ സേവനങ്ങൾ കേരളത്തിലും ലഭ്യമാക്കാൻ കണ്ണൂരിലുള്ള വ്യക്തിയുമായി ഫ്രാഞ്ചൈസി മാതൃകയിൽ കരാറുണ്ടാക്കി. ആ വ്യക്തി വിവിധ സ്ഥലങ്ങളിൽ ഉപ ഏജൻറുമാരെ നിയമിച്ചു. ഉപ ഏജൻറുമാർ ഓരോരുത്തരും അവരവരുടെ കീഴിൽ സ്വന്തം നിലയിൽ തൊഴിലാളികളെ നിയമിച്ച് കുറിയർ കമ്പനിയുടെ സേവനം നടത്തുകയുണ്ടായി.

ഫ്രാഞ്ചൈസി ഏജൻറും അയാളുടെ ഉപ ഏജൻറുമാരും നിയോഗിച്ചിരുന്ന മൊത്തം തൊഴിലാളികളുടെ എണ്ണം 20 കവിഞ്ഞു എന്ന് മനസ്സിലാക്കിയ ഇപിഎഫ് അധികൃതർ കേരളത്തിലെ ഫ്രാഞ്ചൈസി ദാതാവിന് ഇപിഎഫ് നിയമം ബാധകമാണ് എന്ന് ഉത്തരവ് പുറപ്പെടുവിച്ചു. മൊത്തം തൊഴിലാളികളുടെയും പേരിൽ കുടിശിക അടക്കമുള്ള ഇപിഎഫ് വിഹിതമടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെ ഫ്രാഞ്ചൈസി ദാതാവ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്‌സ് അപ്‌ലറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നല്കിയെങ്കിലും ട്രൈബ്യൂണൽ പി.എഫ്. കമ്മീഷണറുടെ ഉത്തരവ് ശരിവയ്ക്കുകയാണുണ്ടായത്.

തുടർന്ന് ഫ്രാഞ്ചൈസി ദാതാവ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ഫ്രാഞ്ചൈസി ദാതാവിന്റെ ഏജൻറുമാരുടെ കീഴിൽ ഇരുപതിലധികം തൊഴിലാളികളുള്ളതിനാൽ അവരുടെയെല്ലാം തൊഴിലുടമയാണ് ഫ്രാഞ്ചൈസി ദാതാവ് എന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് ഹർജി തള്ളി. ഇതിനെതിരെ ഫ്രാഞ്ചൈസി ദാതാവ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചു. ഏജൻറിന്റെ തൊഴിലാളികൾ ഫ്രാഞ്ചൈസി ദാതാവിന്റെ തൊഴിലാളികളല്ല എന്നും ഫ്രാഞ്ചൈസി ദാതാവിന്റെ കീഴിൽ ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികൾ ഇല്ല എന്നും വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് സിംഗിൾ ബഞ്ചിന്റെ വിധിയും ഇപിഎഫ് അപ്‌ലറ്റ് ട്രൈബ്യൂണലിന്റെയും ഇപിഎഫ് കമ്മിഷണറുടെയും ഉത്തരവുകളും റദ്ദാക്കി.