ടൂറിസത്തിന്റെ ലക്ഷദീപം

കവരത്തി ദ്വീപിന്റെ ദൃശ്യം. ചിത്രം: റോബർട്ട് വിനോദ്

നീലക്കടലിനു ലഗൂണുകൾകൊണ്ടു പച്ച ഞൊറിവിടുന്ന ലക്ഷദ്വീപിന് ഇനി സ്വന്തം ആഡംബരക്കപ്പലിന്റെ പകിട്ട്. വിനോദസഞ്ചാരികളെ  ആകർഷിക്കാൻ സ്വന്തം ആഡംബരക്കപ്പൽ കടലിലിറക്കാൻ ലക്ഷദ്വീപ് തയാറെടുക്കുന്നു. 250 പേർക്കു സഞ്ചരിക്കാവുന്ന, സർവ സജ്ജീകരണങ്ങളുമുള്ള കപ്പലിനായി അടുത്തമാസമാദ്യം ആഗോള ടെൻഡർ വിളിക്കും. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ പ്രതിസന്ധിയെ ടൂറിസം രംഗത്തെ കുതിച്ചുചാട്ടത്തിലൂടെ  മറികടക്കാനൊരുങ്ങുന്ന ദ്വീപിന് ആഡംബരക്കപ്പലിന്റെ വരവ് പുത്തനുണർവു നൽകും.

വിമാനമാർഗം അഗത്തിയിലെത്തുന്ന വിനോദസഞ്ചാരികൾക്കു സമീപത്തെ മറ്റു ദ്വീപുകളിലേക്കു യാത്ര സുഗമമാക്കാൻ അഗത്തി വിമാനത്താവളത്തിനു ചേർന്നു പുതിയ ഫ്ലോട്ടിങ് ജെട്ടിയും നിർമിക്കും. ഇതു പൂർണമായും വിനോദസഞ്ചാരികൾക്കു  മാത്രമായി നീക്കിവയ്ക്കും. ടൂറിസം വികസനത്തിനായി ഏഴു ദ്വീപുകൾ വികസിപ്പിക്കണമെന്ന  ശുപാർശ ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രത്തിനു നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന്  ഈ ശുപാർശ നിതി ആയോഗിനു കൈമാറിയിരിക്കുകയാണ്.  യൂറോപ്യൻ സഞ്ചാരികളെ ലക്ഷ്യമിട്ടു സ്കൂബ ഡൈവിങ്ങിനും അഡ്വഞ്ചർ  ഫിഷിങ്ങിനും പ്രോൽസാഹനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ദ്വീപിന്റെ ടൂറിസം വികസനത്തിനൊപ്പം അവസരത്തിനൊത്തുയർന്നാൽ  ലക്ഷദ്വീപിന്റെ പ്രവേശനകവാടമായ കേരളത്തിനും പച്ചപിടിക്കാം.. 

ആഡംബരമായാൽ ആളു കൂടും

നിലവിൽ പാസഞ്ചർ കപ്പലായ എം.വി. കവരത്തിയിൽ ടൂറിസം പാക്കേജ് ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കുന്നുണ്ട്. അഞ്ചുദിവസത്തെ സമുദ്രം പാക്കേജിന് ഒരാൾക്ക് നികുതി കൂടാതെ 25,000 രൂപയാണു നിരക്ക്. രാത്രി താമസം കപ്പലിലും പകൽകാഴ്ചകൾ കരയിലും. കവരത്തി, കട്മത്ത്, കൽപേനി, മിനിക്കോയ് എന്നീ ദ്വീപുകളിൽ മൂന്നെണ്ണമാണ് ഓരോ ആഴ്ചയിലെയും പാക്കേജിൽ ഉള്ളത്. 182 പേർക്കു സഞ്ചരിക്കാവുന്ന എംവി കവരത്തിയിൽ ആഴ്ചയിൽ ഒന്നു വീതമാണു ടൂറിസ്റ്റുകൾക്കു കപ്പൽ യാത്ര. എന്നാൽ യാത്രക്കാർക്കുള്ള കപ്പൽ ടൂറിസ്റ്റുകൾക്കായി  ഉപയോഗിക്കുന്നതിനെതിരെ  പരാതിയുണ്ട്. ഈ യാത്രാക്കപ്പലിൽ നല്ലൊരു ടൂറിസ്റ്റ് കപ്പലിന്റെ ആംബിയൻസ് ഇല്ലെന്നു ടൂറിസ്റ്റുകൾക്കും  പരാതിയുണ്ട്. ഈ സാഹചര്യത്തിലാണു  ടൂറിസ്റ്റുകൾക്കു മാത്രമായി ആഡംബരക്കപ്പൽ വരുന്നത്. മുംബൈ-ഗോവ-ലക്ഷദ്വീപ് റൂട്ടിൽ മുൻപു സ്വകാര്യ ഏജൻസി ആഡംബര ക്രൂയിസ് കപ്പലോ‍ടിച്ചപ്പോൾ  മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇതാണു സ്വന്തം കപ്പൽ എന്ന ആശയത്തിനു പ്രേരണ. 

വരും റിസോർട്ടുകൾ

പ്രകൃതിക്കിണങ്ങുന്ന രീതിയിൽ, നിയമങ്ങൾ പാലിച്ചു നിർമിക്കുന്ന റിസോർട്ടുകളെ പ്രോൽസാഹിപ്പിക്കാനാണു  ഭരണകൂടത്തിന്റെ തീരുമാനം. നിലവിൽ കവരത്തി, ബംഗാരം, തിണ്ണകര, കട്മത്ത്, മിനിക്കോയ് എന്നിവിടങ്ങളിൽ റിസോർട്ടുകളുണ്ടെങ്കിലും  എല്ലാം പൊതുമേഖലയിലാണ്. അഗത്തിയിൽ സ്വകാര്യ റിസോർട്ടുകൾ നിർമിച്ചിട്ടുണ്ടെങ്കിലും  വീട് എന്ന പേരിൽ നിർമിച്ചശേഷം ഇവ റിസോർട്ടുകളാക്കി മാറ്റുകയായിരുന്നു. ഇക്കാരണത്താൽ അനുമതി നിഷേധിച്ചു. പ്രകൃതിയെ വിട്ടൊരു കളിയില്ലെന്നാണു  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഫാറൂഖ് ഖാന്റെ നയം.  ലക്ഷദ്വീപിലെ ഓരോ ദ്വീപിനും ഉൾക്കൊള്ളാവുന്ന ആളുകൾ, കെട്ടിടങ്ങൾ എന്നിവയ്ക്കു പരിധിയുണ്ട്. എത്ര വരുമാനമുണ്ടാകുമെന്നു പറഞ്ഞാലും അതിനുള്ളിൽ നിന്നുകൊണ്ടുള്ള  വികസനമേ ഉണ്ടാകൂ.

അഗത്തി വിമാനത്താവളത്തിനു സമീപം കടലോരത്ത്  10 കോട്ടേജുകളുടെ ഇടിഞ്ഞുപൊളിഞ്ഞ രൂപം കാണാം. ഐലൻഡ് ബീച്ച് റിസോർട്ട് എന്ന പേരിൽ നടത്തിയിരുന്ന റിസോർട്ടുകളായിരുന്നു ഇവ. ഇവിടേക്കു മാത്രമായുണ്ടായിരുന്ന ബോട്ട് ജെട്ടിയും പൊളിഞ്ഞു. തീരനിയന്ത്രണ നിയമവും കരാറുകാരന്റെ കേസുമെല്ലാംകൊണ്ട്  പ്രവർത്തനം നിലച്ചതാണു റിസോർട്ടുകൾ. പുതിയ ഫ്ലോട്ടിങ് ജെട്ടി വരുന്നത് ഈ ഭാഗത്താണ്. കേസു തീർന്ന്, റിസോർട്ടുകൾ കൂടി പുനരുദ്ധരിക്കാൻ കഴിഞ്ഞാൽ ഇതു ലക്ഷദ്വീപ് ടൂറിസത്തിന് ഉണർവേകും.

മായക്കാഴ്ചയൊരുക്കി ബംഗാരം

ലഗൂണുകളുടെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം കാണാനാവുക  ബംഗാരം ദ്വീപിലാണ്. അതുകൊണ്ടുതന്നെയാണ്  ഇതൊരു ടൂറിസ്റ്റ് ദ്വീപായി വികസിപ്പിച്ചത്. മുൻപു സ്വകാര്യ കമ്പനി ഇവിടെ ബാർ ലൈസൻസോടെ റിസോർട്ട് നടത്തിയിരുന്നു. ഇപ്പോൾ ലക്ഷദ്വീപ് ഭരണകൂടത്തിനു കീഴിലുള്ള 30 കോട്ടേജുകൾ മാത്രമാണുള്ളത്. കർശനമായ നിയന്ത്രണങ്ങളോടെ ചെറിയ അളവിൽ വിനോദസഞ്ചാരികൾക്ക് ഇപ്പോഴും മദ്യം നൽകുന്നുണ്ട്. എന്നാൽ മദ്യം ലഭിക്കും എന്ന പരസ്യംകൊണ്ട് സഞ്ചാരികളെ  ആകർഷിക്കാൻ ഭരണകൂടം തയാറല്ല. മദ്യത്തിലല്ല, ദ്വീപിന്റെ സൗന്ദര്യത്തിലാണു സഞ്ചാരികൾക്കു ലഹരിപിടിക്കുകയെന്ന്  ഇവർക്കു നന്നായറിയാം.

ജെട്ടി വരുന്നതിൽ രണ്ടുണ്ടു കാര്യം

എല്ലാ ദിവസവും രാവിലെ 8.45നു കൊച്ചിയിൽനിന്ന്  ലക്ഷദ്വീപിലെ അഗത്തിയിലേക്കു വിമാനമുണ്ട്. ഒരു മണിക്കൂർ ദൈർഘ്യം. അഗത്തിയിൽനിന്ന് 45 മിനിറ്റ് ബോട്ട് യാത്രയുണ്ട് ടൂറിസ്റ്റ് ദ്വീപായ ബംഗാരത്തേക്ക്. അഗത്തി വിമാനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികൾ ദ്വീപ് നിവാസികൾ ഉപയോഗിക്കുന്ന ബോട്ട് ജെട്ടിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനു പകരം വിമാനത്താവളത്തിനു സമീപത്തു തന്നെ പുതിയ ഫ്ലോട്ടിങ് ജെട്ടി വരും. വിനോദസഞ്ചാരികളുടെ  സൗകര്യം മാത്രമല്ല, ദ്വീപിന്റെ സംസ്കാരവും കണക്കിലെടുത്താണു  തീരുമാനം. ജനവാസമുള്ള മേഖലയിലാണ് ഇപ്പോഴത്തെ ജെട്ടി. പല രൂപത്തിൽ, പല വേഷത്തിൽ വിനോദസഞ്ചാരികൾ  ജനവാസമേഖലയിൽ എത്തുന്നതു നിരുൽസാഹപ്പെടുത്തുകയും ഉദ്ദേശ്യമാണ്. 

അഗത്തി ദ്വീപിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ

വിളമ്പും മീൻരുചി

ലക്ഷദ്വീപിനു ചുറ്റുമുള്ള കടൽ ചൂര മൽസ്യത്തിനു പേരുകേട്ടതാണ്. ചൂര തന്നെയാണു ലക്ഷദ്വീപിന്റെ സ്വന്തം മീനും. ചൂര കൊണ്ടുള്ള അച്ചാർ മുതൽ ഉണക്കച്ചൂര (മാസ്)വരെ വിവിധ ചൂര വിഭവങ്ങൾ വിൽപനയ്ക്കുണ്ട്. തെങ്ങുകൾ ധാരാളമുള്ളതിനാൽ നീരയും സുലഭം. എന്നാൽ കുടിക്കാവുന്ന രൂപത്തിൽ നീര കിട്ടില്ല. വിനാഗിരിയും ദ്രവരൂപത്തിലുള്ള കട്ടിയുമാണു പ്രധാന നീര വിഭവങ്ങൾ.

സുരക്ഷിതത്വത്തിന് 100 മാർക്ക്

കുറ്റകൃത്യങ്ങൾ കുറഞ്ഞ നാട് എന്നത് ലക്ഷദ്വീപിനു നൽകുന്ന നല്ലപേര് ചെറുതല്ല. വിനോദസഞ്ചാരികൾക്കു  സുരക്ഷയെക്കുറിച്ചു പേടിവേണ്ടെന്നു ചുരുക്കം. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച 2016ലെ കണക്കിൽ ലക്ഷദ്വീപിലെ സ്ഥിതി ഇങ്ങനെ: സ്ത്രീകൾക്കെതിരായ  കുറ്റകൃത്യം- ഒൻപത്, കുട്ടികൾക്കെതിരായ കുറ്റകൃത്യം- പൂജ്യം, വയോധികർക്കെതിരായ  കുറ്റകൃത്യം- പൂജ്യം, സാമ്പത്തിക കുറ്റകൃത്യം-ഒന്ന്, അഴിമതി- പൂജ്യം, വിദേശികൾക്കെതിരായ കുറ്റകൃത്യം-പൂജ്യം, കസ്റ്റഡി മർദനം- പൂജ്യം, കൊലപാതകം- പൂജ്യം, കൊലപാതക ശ്രമം- ഒന്ന്.

എവിടെയും എന്തും മറന്നുവയ്ക്കാവുന്ന സ്ഥലമാണു ലക്ഷദ്വീപ്. തിരിച്ചുവരുമ്പോഴും  അതവിടെത്തന്നെയുണ്ടാകുമെന്ന്  ഉറപ്പിക്കാം. 36 ദ്വീപുകളിൽ പത്തിടത്താണ് ആൾത്താമസമുള്ളത്. ഇവിടെയെല്ലാം പൊലീസ് സ്റ്റേഷനുകളോ, പൊലീസ് ഔട്ട്പോസ്റ്റുകളോ ഉണ്ട്. 

എങ്ങനെയെത്താം ദ്വീപിൽ

കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ  ഓഫിസ് വഴി ടൂർ പാക്കേജ് ഉറപ്പാക്കാം. ഇവിടെ അഡ്മിനിസ്ട്രേഷനു കീഴിലുള്ള നേച്ചർ ടൂറിസം ആൻഡ് സ്പോർട്സ് പ്രമോഷൻ സൊസൈറ്റിയുടെ ഓഫിസുണ്ട് (ഫോൺ: 04842666789). ഇവിടെനിന്നു നേരിട്ടോ, ഇ–മെയിൽ മുഖേനയോ പാക്കേജ് ഉറപ്പാക്കാം. പെർമിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പാക്കേജിലുണ്ടാകും. ഇവർ അംഗീകരിച്ചിരിക്കുന്ന ഏജൻസി മുഖേനയും ലക്ഷദ്വീപിലെത്താം. ഇതിനൊക്കെ പുറമെ, സ്വന്തം നിലയ്ക്കുമെത്താം. പക്ഷേ, ലക്ഷദ്വീപ് നിവാസിയായ ആരെങ്കിലുമൊരാൾ  സ്പോൺസർ സ്ഥാനത്തു വേണമെന്നു മാത്രം. ലക്ഷദ്വീപ് ടൂറിസം ഡോട്കോം എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭിക്കും. ഒക്ടോബർ മുതൽ മേയ് വരെയാണു സീസൺ.