ഇൻഫോസിസ്: പുതിയ മേധാവിക്ക് ശമ്പളം പകുതിയിൽ താഴെ

സലിൽ എസ്. പരേഖ്

ബെംഗളൂരു ∙ ഇൻഫോസിസ് സിഇഒയും എംഡിയുമായ സലിൽ എസ്. പരേഖിന്റെ ശമ്പള പാക്കേജ് മുൻഗാമി വിശാൽ സിക്കയുടേതിന്റെ പകുതിയിൽ താഴെ മാത്രം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഫയൽ ചെയ്ത വിവരങ്ങൾ പ്രകാരം പരേഖിന്റെ വാർഷിക ശമ്പളം 16.25 കോടി രൂപയാണ്. 6.5 കോടി രൂപ ഫിക്സഡ് പേയും 9.75 കോടി രൂപ വേരിയബിൾ പേയും ഉൾപ്പെടെയാണിത്. ഇതിനു പുറമെ അഞ്ചു രൂപ മുഖവിലയുള്ള 3.25 കോടി രൂപയുടെ ഓഹരിയും വാർഷിക പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 13 കോടി രൂപ ഇക്വിറ്റി ഗ്രാന്റും നൽകും. മൊത്തം 32.5 കോടിയുടെ പാക്കേജ്. 

വിശാൽ സിക്കയുടെ വാർഷിക ശമ്പളം 73 കോടി രൂപയായിരുന്നു. ഇതിന്റെ 45% മാത്രമാണ് സലിൽ പരേഖിനു ലഭിക്കുന്നത്. ശമ്പള പാക്കേജ് അടുത്ത മാസം 20നു ചേരുന്ന ഇൻഫോസിസ് ബോർഡ് അംഗീകരിക്കേണ്ടതുണ്ട്.