Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായം വളർന്നു; ക്ഷീണമായി വിലക്കയറ്റം

industry

ന്യൂഡൽഹി ∙ വ്യാവസായികോൽപാദനം 17 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കു നേടിയെങ്കിലും വിലക്കയറ്റത്തോതും 17 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതു സമ്പദ്‌വ്യവസ്ഥയുടെ തിളക്കം കുറച്ചു. വ്യാവസായികോൽപാദന സൂചിക (ഐഐപി) നവംബറിൽ മുൻകൊല്ലം നവംബറിലെക്കാൾ 8.4% ഉയർച്ചയാണു രേഖപ്പെടുത്തിയത്. ഔഷധ നിർമാണ വ്യവസായം 39.5% വളർച്ച നേടിയപ്പോൾ കംപ്യൂട്ടർ, ഇലക്ട്രോണിക്, ഓപ്ടിക്കൽ ഉൽപാദന മേഖല 29.1% വളർന്നു. വാഹന നിർമാണ വ്യവസായം 22.6% വളർച്ച രേഖപ്പെടുത്തി.

വ്യവസായങ്ങൾക്കാവശ്യമായ യന്ത്രങ്ങളുടെ ഉൽപാദനം 9.4% ഉയർന്നു. പുതിയ മുതൽമുടക്കിന്റെ സൂചനയാണിത്. 2016 നവംബറിൽ ഐഐപി 5.1% വളർച്ച മാത്രമാണു രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ 2% മാത്രം വാർഷിക വളർച്ച രേഖപ്പെടുത്തിയ വ്യവസായ സൂചികയാണു നവംബറിൽ 8.4% ആയി ഉയർന്നത്.

Growth

∙ ഡിസംബറിൽ ചില്ലറ വിൽപന വില ആധാരമാക്കിയുള്ള വിലക്കയറ്റത്തോത് അ‍ഞ്ച് ശതമാനത്തിനു മുകളിലെത്തി. ഭക്ഷ്യ സാധനങ്ങളുടെ വില ഉയർന്നതോടെ വിലക്കയറ്റ സൂചിക 5.21% വർധനയാണ് രേഖപ്പെടുത്തിയത്. നവംബറിൽ 4.88% ആയിരുന്നു നിരക്ക്. റിസർവ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത് 4 ശതമാനത്തിനു പരിസരത്തുവിലക്കയറ്റം പിടിച്ചു നിർത്താൻ ആണെന്നിരിക്കേ, ഇതു വെല്ലുവിളിയാണ്. ഉടനെങ്ങും വായ്പകളുടെ പലിശനിരക്കു കുറയ്ക്കാൻ ബാങ്ക് തയാറാവില്ല.

മുട്ട, പച്ചക്കറി, പഴവർഗങ്ങൾ എന്നിവയുടെ വിലയിലാണു വലിയ വിലക്കയറ്റമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പറയുന്നു. ധാന്യങ്ങൾ, പരിപ്പ് വർഗങ്ങൾ എന്നിവയുടെ വിലക്കയറ്റം കുറഞ്ഞിട്ടുണ്ട്. 2016 ഡിസംബറിലേക്കാൾ 4.96% വർധനയാണ് ഭക്ഷ്യ വിലയിൽ.