ഇന്‍ഫോസിസിന് 38.3 % ലാഭവളർച്ച

ബെംഗളൂരു ∙ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 38.3 % അറ്റാദായ വർധന. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 3708 കോടി രൂപയായിരുന്ന അറ്റാദായം ഇക്കുറി 5129 കോടിയായി. ഈ വര്‍ഷം രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 37.6% ആണു വളര്‍ച്ച.  വരുമാനം മൂന്നു ശതമാനം വർധനയോടെ 17,794 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതു 17,273 കോടിയായിരുന്നു. 

നികുതിച്ചെലവുകൾ കുറഞ്ഞതാണ് അറ്റാദായ വളർച്ചയ്ക്കു പ്രധാന കാരണമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഡിജിറ്റൽ ഭാവിയിലേക്കു കുതിക്കാനും ജീവനക്കാരുടെ നൈപുണ്യം മെച്ചപ്പെടുത്താനും ഊന്നൽ നൽകുന്നതായി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സലിൽ പരേഖ് പറഞ്ഞു. പരേഖ് ചുമതലയേറ്റ ശേഷമുള്ള ആദ്യ ഫലപ്രഖ്യാപനമാണിത്. 13,000 കോടി രൂപയുടെ ഓഹരി മടക്കിവാങ്ങൽ വിജയകരമായി പൂർത്തിയാക്കിയതായി ചീഫ് ഫിനാൻഷ്യൽ ഓഫിസർ എം.ഡി.രംഗനാഥ് പറഞ്ഞു. 

ഇൻഫോസിസ് പ്രസിഡന്റ് രാജിവച്ചു

ഇൻഫോസിസിന്റെ മൂന്നു പ്രസിഡന്റുമാരിൽ ഒരാളായ രാജേഷ് മൂർത്തി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണു രാജിയെന്നു കമ്പനി അറിയിച്ചു. സലിൽ പരേഖ് സിഇഒയായി ശേഷം എക്സിക്യൂട്ടീവ് തലത്തിലുള്ള ആദ്യ രാജിയാണിത്.