ഓലത്തണലും കേരളം ഇറക്കുമതി ചെയ്യുന്നു

മൂവാറ്റുപുഴ ∙ കേരം തിങ്ങും കേരള നാട്ടിലേക്കു കരിക്കും വെളിച്ചെണ്ണയും മാത്രമല്ല തെങ്ങോലയും എത്തുന്നു തമിഴ്നാട്ടിൽ നിന്ന്. ഒരു ഓലയ്ക്കു വില 11 രൂപ. നാട്ടിൽ ഓലയ്ക്കു ക്ഷാമം നേരിട്ടതിനാൽ ഇറക്കുമതി ചെയ്തിരിക്കുന്നത് വാഴക്കുളത്തെ പൈനാപ്പിൾ കർഷകരാണ്. പൈനാപ്പിൾ കൃഷിയെ വരള്‍ച്ച ബാധിക്കാതിരിക്കാൻ ചെടികൾക്കു മീതെ വിരിക്കാനാണ് ഓല എത്തിച്ചത്.

വേനൽ കടുക്കുന്നത് പൈനാപ്പിൾ ചെടികളുടെ വളർച്ചയെ ബാധിക്കുന്നതോടൊപ്പം പൈനാപ്പിൾ പൊള്ളി മോശമാകാനും ഉണങ്ങിപ്പോകാനും ഗുണനിലവാരം നഷ്ടപ്പെടാനുമൊക്കെ കാരണമാകും. ഇതൊഴിവാക്കാൻ മുൻ കാലങ്ങളിൽ പൈനാപ്പിൾ ചെടികളുടെ മുകളിൽ പുല്ലോ വാഴയുടെ തൊലിയോ വിരിക്കുകയാണു ചെയ്തിരുന്നത്.

എന്നാൽ ഇതിനു തൊഴിലാളികളുടെ കൂലിയിനത്തിൽ വലിയ തുക ചെലവാകും. ഇതൊഴിവാക്കാനാണു പൈനാപ്പിൾ കർഷകർ പുതിയ തന്ത്രം പരീക്ഷിച്ചത്. ഒരു ഓല വിരിച്ചാൽ ഒട്ടേറെച്ചെടികൾക്കു ചൂടിൽനിന്നു മോചനമാകും. ഓല വിരിക്കാന്‍ സമയം വളരെ കുറവുമതി. അത്യാവശ്യം സൂര്യപ്രകാശം ഓലകൾക്കിടയിലൂടെ ലഭിക്കുമെന്നതും നേട്ടം. ഗോവിന്ദാപൂരം, പഴനി, ദിണ്ടിഗൽ മേഖലകളിൽനിന്നാണു ഓല കൂടുതലുമെത്തുന്നത്.