എച്ച്പിസിഎൽ: കേന്ദ്ര സർക്കാർ ഓഹരികൾ ഒഎൻജിസി വാങ്ങുന്നു

ന്യൂഡല്‍ഹി ∙ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോർപറേഷന്‍ ലിമിറ്റഡില്‍ (എച്ച്പിസിഎല്‍) കേന്ദ്ര സര്‍ക്കാരിനുള്ള 51.11% ഓഹരികൾ കേന്ദ്ര സർക്കാർ സ്ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി) വാങ്ങുന്നു. 10% പ്രീമിയം അടക്കം 36,915 കോടി രൂപയാണ് ഒഎൻജിസി കേന്ദ്ര സർക്കാരിനു നൽകുന്നത്. 

ഷെയർ ഒന്നിന് 473.97 രൂപ പ്രകാരം 77.8 കോടി ഷെയറുകളാണ് വാങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്യുമ്പോൾ എച്ച്പിസിഎൽ ഓഹരികൾക്കുണ്ടായിരുന്ന മൂല്യത്തെക്കാൾ 14 ശതമാനവും 60 ദിവസത്തെ ശരാശരി ഓഹരിമൂല്യത്തിന്റെ 10 ശതമാനവും അധികം നൽകിയാണ് ഓഹരി വാങ്ങുന്നതെന്ന് ഒഎൻജിസി സ്റ്റോക് എക്സ്ചേഞ്ചുകളെ അറിയിച്ചു. 

കേന്ദ്രസർക്കാരിന്റെ ഈ സാമ്പത്തിക വർഷത്തെ ഓഹരി വിൽപന ലക്ഷ്യം ഈ ഇടപാടോടെ കൈവരിക്കാനാകും. ഇതാദ്യമായാണ് കേന്ദ്രം ഓഹരി വിൽപനയുടെ ലക്ഷ്യം കൈവരിക്കുന്നത്.