വിദേശ മണൽ കൂടുതൽ ജില്ലകളിലേക്ക്

കണ്ണൂർ∙ നിർമാണമേഖലയിലെ മണൽക്ഷാമം പരിഹരിക്കാൻ വിവിധ തുറമുഖങ്ങൾ വഴി വിദേശ മണൽ വിതരണത്തിനെത്തുന്നു. സ്വകാര്യ കമ്പനി കൊച്ചി തുറമുഖത്തെത്തിച്ച മലേഷ്യൻ മണൽ അടുത്തയാഴ്ചയോടെ സംസ്ഥാനത്തെ അഞ്ചു തുറമുഖങ്ങളിൽ വിൽപനയ്ക്കെത്തും.

ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖം, കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിൽ ആദ്യഘട്ടത്തിൽ മണൽ ലഭിക്കും. രണ്ടാംഘട്ടത്തിൽ കോട്ടയം, വൈപ്പിൻ, കൊടുങ്ങല്ലൂർ തുറമുഖങ്ങൾ വഴിയും വിൽപന നടത്താനാണ് ഉദ്ദേശിക്കുന്നത്. ജിഎസ്ടി അടക്കം  ടണ്ണിന്  2300–2400 രൂപ വിലവരും. 

എന്നാൽ വിദേശ മണൽ ഇറക്കുമതി ചെയ്യുമ്പോൾ രോഗാണുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ട പ്ലാന്റ് ആൻഡ് ക്വാറന്റൈൻ അതോറിറ്റിയുടെ ഓഫിസ് കൊച്ചിയിൽ മാത്രമാണുള്ളത്. ഇതുമൂലം വിദേശമണൽ കൊച്ചിയിൽ ഇറക്കിയതിനു ശേഷം മാത്രമേ മറ്റു ജില്ലകളിൽ എത്തിക്കാൻ സാധിക്കൂ. മറ്റു ജില്ലകളിൽ കൂടി ഓഫിസുണ്ടായിരുന്നെങ്കിൽ നേരിട്ട് ഇറക്കുമതി ചെയ്താൽ കുറഞ്ഞ വിലയ്ക്കു മണൽ ലഭ്യമാക്കാനാകുമെന്നു കമ്പനി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.

മണൽക്ഷാമം മൂലം സംസ്ഥാനത്തെ നിർമാണ മേഖലയിലുള്ള കടുത്ത പ്രതിസന്ധിയെത്തുടർന്നു വിദേശത്തു നിന്നു മണൽ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. ജിയോളജി ആൻഡ് മൈനിങ് വകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണു മണൽ എത്തിക്കുന്നത്.