വ്യക്തികേന്ദ്രീകൃത ആദായനികുതി റിട്ടേൺ വിലയിരുത്തൽ നിർത്തുന്നു

Representative Image

ന്യൂഡൽ‍ഹി∙ നികുതിദായകനും ആദായ നികുതി റിട്ടേൺ വിലയിരുത്തുന്ന ഉദ്യോഗസ്ഥരും ഇനി നേരിൽ കാണില്ല. വ്യക്തികേന്ദ്രീകൃത നികുതി റിട്ടേൺ വിലയിരുത്തൽ രീതി അവസാനിപ്പിച്ച് ആദായ നികുതി ചട്ടങ്ങൾ ഉടനെ വിജ്ഞാപനം ചെയ്യും. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ധനകാര്യ ബില്ലിൽ ഇതു വ്യക്തമാക്കിയിട്ടുണ്ട്. 

റിട്ടേൺ സംബന്ധിച്ച് ആദായ നികുതി നിയമത്തിലെ 143(2) വകുപ്പു പ്രകാരം ലഭിക്കുന്ന നോട്ടീസിന്, ഉദ്യോഗസ്ഥൻ മുൻപാകെ നികുതിദായകൻ നേരിട്ടോ പ്രതിനിധി മുഖേനയോ എത്തി മറുപടി നൽകുന്ന രീതിയാണ് നിലവിലുള്ളത്. ഈ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണു തുടർനടപടികൾ. അതായത് ആദായ നികുതി സർക്കിളിലെയോ വാർഡിലെയോ ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണു വിലയിരുത്തൽ നടത്തുന്നത്. 

ലഭിക്കുന്ന റിട്ടേണുകളിൽ പരമാവധി രണ്ടു ശതമാനം മാത്രമാണു വിശദമായ വിലയിരുത്തലിനായി പരിഗണിക്കാറുള്ളത്. ‘ഹൈ റിസ്ക്’ ഗണത്തിൽ പെടുന്ന റിട്ടേണുകളാവും ഇവ. ബാങ്ക് നിക്ഷേപം, വരുമാനം, ചെലവ്, വലിയ മുതൽ മുടക്ക് തുടങ്ങി പല കാര്യങ്ങൾ കണക്കിലെടുത്താണു നികുതിദായകരെ ‘ഹൈ റിസ്ക്’ ഗണത്തിൽ പെടുത്തുന്നത്. തരം തിരിക്കൽ ജോലി കംപ്യൂട്ടറിന്റേതാണ്. ആദായ നികുതി നിയമത്തിലെ 143ാം വകുപ്പിന് ഇപ്പോൾ നിർദേശിച്ചിട്ടുള്ള ഭേദഗതി പാസായിക്കഴിഞ്ഞാൽ, തരംതിരിക്കലിനുശേഷമുള്ള വിലയിരുത്തൽ ഉദ്യോഗസ്ഥരുടെ സംഘമാവും നിർവഹിക്കുക. വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള സംഘങ്ങളാണ് ഇതിനായി രൂപീകരിക്കുകയെന്നു ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 

വിദഗ്ധ സംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചോദ്യാവലി ബന്ധപ്പെട്ട മേലുദ്യോഗസ്ഥൻ പരിശോധിച്ചശേഷം നികുതിദായകന് അയയ്ക്കും. ലഭിക്കുന്ന മറുപടി പരിശോധിക്കുന്നതും നികുതിദായകൻ ഉൾ‍പ്പെടുന്ന സർക്കിളിന്റെയോ വാർഡിന്റെയോ ചുമതലയുള്ള ഉദ്യോഗസ്ഥരാവില്ല. പകരം, രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നുള്ള ഉദ്യോഗ്സഥരെ വേണമെങ്കിലും മറുപടി വിലയിരുത്തി തീർപ്പു കൽപിക്കാൻ നിയോഗിക്കാം. റിട്ടേണും നൽകുന്ന മറുപടിയും വിലയിരുത്തുന്നത് ആരെന്നു നികുതിദായകർക്ക് അറിയാനാവില്ല. ചുരുക്കത്തിൽ, ആദായ നികുതി റിട്ടേൺ വിലയിരുത്തലിൽനിന്നു സ്ഥലപരമായ അധികാരപരിധി സങ്കൽപം ഒഴിവാക്കുകയാണ്. ഉദ്യോഗസ്ഥരും നികുതി ദായകരും കൂടിക്കാണുന്നത് ഒഴിവാക്കിയാൽതന്നെ വകുപ്പുതല അഴിമതി വലിയ തോതിൽ കുറയ്ക്കാനാവുമെന്ന വിലയിരുത്തലിലാണ് ഈ പരിഷ്കാരം കൊണ്ടുവരുന്നത്.