കളിമണ്ണ് ക്ഷാമം: സംസ്ഥാനത്തെ ആദ്യ ഓട്ടുകമ്പനിക്കും താഴ് വീഴുന്നു

അടച്ചു പൂട്ടലിനു നോട്ടിസ് പതിച്ച ചെറുവണ്ണൂരിലെ കാലിക്കറ്റ് ടൈൽ കമ്പനി.

ഫറോക്ക് (കോഴിക്കോട്) ∙ കളിമണ്ണ് ക്ഷാമം ഉൽപാദനത്തെ ബാധിച്ചതോടെ സംസ്ഥാനത്തു സ്ഥാപിതമായ ആദ്യഓട്ടു കമ്പനിക്കും താഴു വീഴുന്നു. ചെറുവണ്ണൂർ കാലിക്കറ്റ് ടൈൽ കമ്പനിയാണ് നാളെ അടച്ചു പൂട്ടുന്നത്. ഇതുസംബന്ധിച്ചു മാനേജ്മെന്റ് കമ്പനിയിൽ നോട്ടിസ് പതിച്ചു. കമ്പനി ലോക്കൗട്ട് ചെയ്യുന്നതോടെ 180 തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും.

അന്യായമായി കമ്പനി അടച്ചുപൂട്ടി ജോലി നിഷേധിക്കുന്ന മാനേജ്മെന്റ് നടപടിക്കെതിരെ പ്രക്ഷോഭമാരംഭിക്കാനുള്ള നീക്കത്തിലാണ് സംയുക്ത തൊഴിലാളി യൂണിയനുകൾ.  കളിമണ്ണ് ലഭിക്കാത്തതിനാൽ കമ്പനി ലോക്കൗട്ട് ചെയ്യേണ്ടി വരുമെന്നു ചൂണ്ടിക്കാട്ടി ആറു മാസം മുൻപ് മാനേജ്മെന്റ് ബന്ധപ്പെട്ടവർക്കു നോട്ടിസ് നൽകിയിരുന്നു. സ്റ്റോക്കുണ്ടായ കളിമണ്ണ് പൂർണമായും തീർന്നതിനാലാണ് കമ്പനി താൽക്കാലികമായി പ്രവർത്തനം നിർത്തുന്നതെന്നാണ് മാനേജ്മെന്റ് വാദം. 

മണ്ണ് സ്റ്റോക്ക് കുറഞ്ഞതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ഉച്ചവരെ മാത്രമായിരുന്നു പണിയുണ്ടായത്. ഉച്ചയ്ക്ക് ശേഷം തൊഴിലാളികൾക്കു ലേ ഓഫ് ഏർപെടുത്തിയായിരുന്നു കമ്പനി മുൻപോട്ടു പോയത്.   മുൻകാലത്തു സ്റ്റോക്കുണ്ടായ മണ്ണും കർണാടകയിൽ നിന്നെത്തിച്ച കളിമണ്ണും ഉപയോഗിച്ചായിരുന്നു ഇക്കാലമത്രയും ഓടുൽപാദനം. ഉൽപാദനത്തിന് ആവശ്യമായ കളിമണ്ണ് ലഭ്യമായാൽ കമ്പനി തുറന്നു പ്രവർത്തിപ്പിക്കുമെന്നു മാനേജ്മെന്റ് അറിയിച്ചു.

1878ൽ സ്ഥാപിച്ചതാണ് ചെറുവണ്ണൂരിലെ കാലിക്കറ്റ് ടൈൽ കമ്പനി. സംസ്ഥാനത്തു സ്ഥാപിതമായ ആദ്യ കമ്പനിയാണിത്. നാലു പ്രസ് പ്രവർത്തിച്ചിരുന്ന കമ്പനിയിൽ തുടക്കത്തിൽ 255 സ്ഥിരം തൊഴിലാളികളും 100ൽപരം താൽക്കാലിക തൊഴിലാളികളുമുണ്ടായിരുന്നു.