ഫ്യൂച്ചർ ഉച്ചകോടി കൊച്ചിയിൽ; മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഉൾപ്പെടെ പങ്കെടുക്കും

തിരുവനന്തപുരം∙ കേരളത്തിന്റെ ഡിജിറ്റൽ ഭാവിക്കു രൂപം നൽകാൻ സംഘടിപ്പിക്കുന്ന ഫ്യൂച്ചർ ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഉൾപ്പെടെയുള്ള വിദഗ്ധർ പങ്കെടുക്കും.

റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്‌ധനുമായ രഘുറാം രാജൻ, ഇൻഫോസിസ് നോൺ എക്സിക്യൂട്ടിവ് ചെയർമാൻ നന്ദൻ നിലേകനി, പേയ്ടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ തുടങ്ങി വിവിധ മേഖലകളിലെ ഉന്നതരും കൊച്ചിയിൽ മാർച്ച് 22, 23 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും. സത്യ നാദെല്ല വിഡിയോ കോൺഫറൻസ് വഴിയാണു പങ്കെടുക്കുക.

സാങ്കേതികവിദ്യയിലെ മാറ്റം സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും അതിനനുസരിച്ചു ഭാവിയിലെ നയങ്ങൾ എങ്ങനെ രൂപപ്പെടുത്തണമെന്നും സമ്മേളനം ചർച്ച ചെയ്യുമെന്ന് ഉച്ചകോടിയുടെ മുന്നൊരുക്കങ്ങൾ വിശദീകരിക്കാൻ ചേർന്ന യോഗത്തിൽ സംസ്ഥാന ഐടി ഉന്നതാധികാര സമിതി അംഗവും ഐബിഎസ് ചെയർമാനുമായ വി.കെ.മാത്യൂസ് പറഞ്ഞു. നിലവിലുള്ളതിന്റെ പകുതി ജോലികളും ഏതാനും വർഷങ്ങൾക്കകം ഇല്ലാതാകുമെന്നാണു പഠനങ്ങൾ. ലോകത്തിലെ മുൻനിരയിലുള്ള 100 കമ്പനികളിൽ ഭൂരിഭാഗവും 2025 ൽ ഉണ്ടാകണമെന്നില്ല. 20 വർഷം കഴിയുമ്പോൾ കാറുകൾ ഓടിക്കാൻ ഡ്രൈവർമാരുടെ ആവശ്യം വരില്ല.

സാങ്കേതികരംഗത്ത് അതിവേഗം സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ചു കേരളം എങ്ങനെ തയാറെടുപ്പു നടത്തണമെന്ന വിദഗ്ധരുടെ ശുപാർശകൾ ഉച്ചകോടിക്കു ശേഷം സംസ്ഥാന സർക്കാരിനു സമർപ്പിക്കുമെന്നു മാത്യൂസ് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കും. ഫ്യൂച്ചറിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ തുടങ്ങി. രണ്ടായിരത്തോളം പ്രതിനിധികൾ ഉച്ചകോടിക്ക് എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഐടി പാർക്സ് സിഇഒ ഋഷികേശ് നായർ, ഐടി ഉന്നതാധികാര സമിതി അംഗവും ടിസിഎസ് സീനിയർ വൈസ് പ്രസിഡന്റുമായ ദിനേശ് തമ്പി, ജി ടെക് സെക്രട്ടറിയും ഇൻ ആപ് സൊലൂഷൻസ് സിഇഒയുമായ എം.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.