സാധാരണക്കാരെ ചോക്സി മുൻപേ കുടുക്കി: ‘വൈബ്രന്റായി’ മുന്നോട്ട്

ന്യൂഡൽഹി ∙ മെഹുൽ സി. ചോക്സിയുടെ തട്ടിപ്പിനെതിരെ ബാങ്കുകൾ രംഗത്തിറങ്ങും മുൻപ്, 2015ൽ, ഗുജറാത്തിലെ നൂറുകണക്കിനു സാധാരണക്കാർ അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ, പൊലീസ് കേസ് റജിസ്റ്റർ ചെയ്യാൻ തയാറായില്ല. പകരം, ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിനെ സർക്കാർ ‘വൈബ്രന്റ് ഗുജറാത്ത്’ നിക്ഷേപക ദൗത്യത്തിൽ പ്രമുഖ പങ്കാളിയാക്കി.

ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് ആവിഷ്കരിച്ച നിക്ഷേപ പദ്ധതിയിലാണു സാധാരണക്കാർ കുടുങ്ങിയത്. രാജ്യമെങ്ങും ശാഖകളുള്ള സ്ഥാപനം പ്രഖ്യാപിച്ചതു 12, 24, 36 മാസങ്ങൾ കൊണ്ട് അവസാനിക്കുന്ന ഷഗുൻ, സ്വർണ മംഗൽ ലാഭ്, സ്വർണ മംഗൽ കലാഷ് സമ്പാദ്യ പദ്ധതികളാണ്. നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുന്നവർക്ക് ആകർഷക ബോണസും  ആഭരണങ്ങൾക്കു ഡിസ്കൗണ്ടുമായിരുന്നു വാഗ്ദാനം. 12 മാസത്തവണകളിലൊന്നു കമ്പനി തന്നെ നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഗീതാഞ്ജലി ജെംസിൽ ഉപയോഗിക്കാനാവും വിധം ‘എടിഎം’ കാർഡുകളും നൽകി.

രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ നിക്ഷേപിച്ചവർക്കു കാലാവധി പൂർ‌ത്തിയായപ്പോഴാണു  തട്ടിപ്പു വെളിപ്പെട്ടത്. രാജ്യത്തെ ഏതു ശാഖയിലും നിന്ന് ആഭരണം വാങ്ങാൻ വ്യവസ്ഥ ചെയ്തിരുന്ന പദ്ധതി നി‌ലവിലില്ലെന്നു സ്ഥാപനം പ്രഖ്യാപിച്ചു.

ഗുജറാത്തിലെ ഭാവ്നഗറിൽ മാത്രം കബളിപ്പിക്കപ്പെട്ടത് അറുനൂറോളം പേരാണ്. പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ല. ചോ‌ക്സിക്കെതിരെ ബാങ്കുകൾ രംഗത്തെത്തിയതിനു പിന്നാലെയാണു സംഭവം പുറത്തു വരുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ  നടന്ന വൈബ്രന്റ് ഗുജറാത്തിൽ ഗീതാഞ്ജലി ജെംസ് മുഖ്യ പങ്കാളിയായത് ഈ പരാതികൾ നില‌നിൽക്കുമ്പോൾ തന്നെ. ആഭരണ മേഖലയിൽ താൽപര്യമുള്ള വിദേശ നിക്ഷേപകർക്കു സഹകരണത്തിനു തിരഞ്ഞെടുക്കാവുന്നതായി  സർക്കാർ നിർദേശിച്ച ആദ്യ സ്ഥാപനം ഗീതാഞ്ജലിയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഡയമണ്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരു നൽകിയതു രണ്ടാം സ്ഥാനത്ത്.

സാധാരണക്കാരിൽ നിന്നു ഗീതാഞ്ജലി ഗ്രൂപ്പ് 5,000 കോടി രൂപയെങ്കിലും തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണു  മെഹുൽ ചോക്സിയുടെ തട്ടിപ്പിനെക്കുറിച്ച് അനൗദ്യോഗിക അന്വേഷണം നടത്തുന്ന പൊതുപ്രവർത്തകൻ ശക്തിസിങ് ഗോഹിലിന്റെ അനുമാനം. അതു സ്ഥിരീകരിക്കേണ്ടതുണ്ടെങ്കിലും തട്ടിപ്പിന്റെ വ്യാപ്തി ബാങ്കിന്റെ പരിധിയിൽ നിൽക്കില്ലെന്നു വ്യക്തം.