ചരക്കു ഗതാഗതം പൊളിച്ചടുക്കാൻ മസ്കിന്റെ ഇലക്ട്രിക് ട്രക്ക് വരുന്നു

പരീക്ഷണ ഓട്ടത്തിനു തയാറായ ടെസ്‌ല സെമി ഹെവി ഡ്യൂട്ടി ഇലക്ട്രിക് ട്രക്ക്.

കന്യാകുമാരിയിൽ നിന്ന് മംഗളൂരു വരെ 36,288 കിലോഗ്രാം ചരക്കുമായി ഒരു കണ്ടെയ്നർ ലോറി ഒരു തുള്ളി ഡീസൽ ‌പോലുമടിക്കാതെ ഓടിച്ചെത്തിയാലോ? അല്ലെങ്കിൽ തിരുവനന്തപുരത്തു നിന്നു കോഴിക്കോട് പോയി ചരക്കിറക്കി തിരികെ വന്നാലോ, ഒരു പമ്പിലും കയറാതെ? ലോകത്തെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ് ഫാൽക്കൺ ഹെവി വിജയകരമായി വിക്ഷേപിച്ച ഇലോൺ മസ്ക് എന്ന ശതകോടീശ്വരനായ ശാസ്ത്ര സംരംഭകന്റെ അടുത്ത ദൗത്യം അതാണ്.

അദ്ദേഹത്തിന്റെ ടെസ്‌ല ഇലക്ട്രിക് വാഹന കമ്പനി പുറത്തിറക്കുന്ന ടെസ്‌ല സെമി ഹെവി ഡ്യൂട്ടി ട്രക്ക് പൂർണമായും ബാറ്ററിയിൽ ഓടും. ഫുൾ ലോഡുമായി ഒറ്റ ചാർജിൽ 805 കിലോമീറ്റർ! ലോക ചരക്കു ഗതാഗത സംവിധാനത്തെയാകെ പൊളിച്ചടുക്കുന്ന വിപ്ളവമാണു വരാനിരിക്കുന്നതെന്നു വാഹന വിശകലന വിദഗ്ധർ.

പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 97 കിലോമീറ്റർ  വേഗം കൈവരിക്കാൻ ടെസ്‌ല ട്രക്കിനു വേണ്ടത് 20 സെക്കൻഡ്! ലോഡ് ഇല്ലെങ്കിൽ വെറും 5 സെക്കൻഡ്. പല സ്പോട്സ് കാറുകളും നാണിച്ചു മാറി നിൽക്കും. ശരാശരി വേഗം മണിക്കൂറിൽ 105 കിലോമീറ്റർ. അമേരിക്കയിലെ നെവാഡ മരുഭൂമിയിലുള്ള  ജിഗാ ഫാക്ടറിയിൽ നിന്ന് കലിഫോർണിയയിലെ ടെസ്‌ല കാർ ഫാക്ടറിയിലേക്ക് നിറയെ ലോഡുമായി രണ്ടു ട്രക്കുകളുടെ പരീക്ഷണ ഓട്ടം നടത്തിയാണു മസ്ക് ഇലക്ട്രിക് ട്രക്കിന്റെ വരവറിയിച്ചത്. വാൾമാർട്ട്, ഡിഎച്ച്എൽ, പെപ്സികോ തുടങ്ങിയ വമ്പൻ കമ്പനികളാണു നൂറു കണക്കിന് ട്രക്കുകൾക്ക് ഓർഡർ നൽകി കാത്തിരിക്കുന്നത്. 

പരീക്ഷണ ഓട്ടങ്ങളും മറ്റു നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കി 2019ൽ നിർമാണം ആരംഭിക്കാനാണു മസ്ക് പദ്ധതിയിടുന്നത്. 2020ൽ ഉപഭോക്താക്കളുടെ കയ്യിലേക്കു ട്രക്കുകളെത്തിത്തുടങ്ങും. ഡീസൽ ട്രക്കുകളേക്കാൾ 70 ശതമാനം കുറഞ്ഞ ചെലവിൽ ഓടിക്കാമെന്നു മസ്ക് അവകാശപ്പെടുന്നു. 643 കിലോമീറ്റർ റേഞ്ച് വെറും അര മണിക്കൂർ ചാർജിങ്ങിലൂടെ നേടാനുമാകും. ദേശീയപാതയോരങ്ങളിലെ ചാർജിങ് സ്റ്റേഷനുകളിൽ കറന്റു കുടിച്ചു കിടക്കുന്ന ടെസ്‌ല ട്രക്കുകളുടെ നീണ്ടനിരയുടെ ദൃശ്യം അത്ര വിദൂരമല്ല.