റോഡിൽ നിറഞ്ഞ് 1.10 കോടി വണ്ടികൾ

കോട്ടയം ∙ സംസ്ഥാനത്തെ റോഡുകൾ വളരുന്നില്ല, വാഹനപ്പെരുപ്പം കുതിയ്ക്കുന്നു. സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത് ഇവിടെ ഓടുന്ന വാഹനങ്ങളുടെ എണ്ണം ഒരു കോടി പത്തു ലക്ഷമായി. ഇതു കൂടാതെ ഇതിന്റെ മുപ്പതു ശതമാനത്തോളം വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്തതും കേരളത്തിൽ ഓടുന്നു. സ്വകാര്യ വാഹനങ്ങളുടെ എണ്ണമാണ് ഓരോ ദിവസവും പെരുകുന്നത്. എന്നാൽ, പൊതുഗതാഗത സംവിധാനം കുറയുന്നതായാണ് മോട്ടോർ വാഹനവകുപ്പിന്റെ കണക്ക്. സ്വകാര്യ ബസുകളുടെ എണ്ണം 26,000 ത്തിൽ നിന്നും 16,000 ആയി കുറഞ്ഞു. 2017 ൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത കാറുകളുടെ എണ്ണം 2.15 ലക്ഷമാണ്. 2016ൽ ഇത് 1.89 ലക്ഷമായിരുന്നു. 2017ൽ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത ഇരുചക്ര വാഹനങ്ങളുടെ എണ്ണം 6.6 ലക്ഷം. 2016ൽ ഇത് 6.05 ലക്ഷമായിരുന്നു.

സാമ്പത്തിക മാന്ദ്യത ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് 2017ൽ 9.4 ലക്ഷം പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങി. എല്ലാ ഇനവും ഉൾപ്പെടെയാണിത്. 2016ൽ ഇത് 8.61 ലക്ഷമായിരുന്നു. സംസ്ഥാനത്തെ റോഡിന്റെ നീളം 3.3 ലക്ഷം കിലോമീറ്ററാണ്. സംസ്ഥാന ജനസംഖ്യയും വാഹനപ്പെരുപ്പവും കണക്കുകൂട്ടുമ്പോൾ മൂന്നു പേർക്ക് ഒരു വാഹനം എന്നതാണ് സ്ഥിതി. വസ്തു ഏറ്റെടുക്കലും മറ്റ് എതിർപ്പുകളും മൂലം പുതിയ റോഡുകൾ വരുന്നില്ലെന്നതും റോഡുകൾക്കു വീതി കൂട്ടാനാകുന്നില്ലെന്നതും ആണ് സ്ഥിതി.

സംസ്ഥാനത്ത റോഡുകൾക്ക് ഇപ്പോഴത്തെ വാഹനപ്പെരുപ്പം താങ്ങാനാകാത്ത അവസ്ഥയുമാണ്. നഗരങ്ങളിൽ പൊതുഗതാഗത സംവിധാനം കുറഞ്ഞുവെന്നാണ് കണക്ക്. സ്വകാര്യ ബസുകൾക്കും ഓട്ടോകൾക്കും നിശ്ചിയിച്ചിട്ടുള്ള പരിധി ഉയർത്താൻ മോട്ടോർ വാഹനവകുപ്പ് സർക്കാരിനു ശുപാർശ നൽകി. കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നിലവിൽ നാലായിരം ഓട്ടോറിക്ഷകളാണുള്ളത്. ഇതു രണ്ടായിരം കൂടി വീതം ഉയർത്താനാണ് നിർദേശം. തിരുവനന്തപുരത്ത് ഇൗ തരത്തിൽ ഉയർത്തിയതോടെ ഓട്ടോറിക്ഷകളുടെ എണ്ണം മുപ്പതിനായിരത്തിലെത്തി.

2017ൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ്. ഏറ്റവും കൂടുതൽ വാഹന റജിസ്ട്രേഷൻ നടന്ന നഗരവും കൊച്ചിയാണ്. പുതിയ ബസുകളുടെ വരവ് കുറയുന്നു. 2016 ൽ 1858 പുതിയ ബസുകളാണ് വന്നതെങ്കിൽ 2017ൽ 1611 ആയി കുറഞ്ഞു. എറണാകുളം ജില്ലയാണ് പുതിയ വാഹനങ്ങൾ കൂടുതൽ നിരത്തിലിറക്കിയത്. 1.16 ലക്ഷം പുതിയ വാഹനങ്ങൾ 2017 ൽ ഇറക്കി. ഇതിൽ 30,000 കാറുകളും 76940 ബൈക്കുകളും ഉണ്ട്. 1.11 ലക്ഷം വാഹനങ്ങൾ പുതിയതു വാങ്ങി തിരുവനന്തപുരം രണ്ടാമത്. ഇതിൽ 24778 കാറുകളും 77000 ബൈക്കുകളുമാണ്. 95265 വാഹനങ്ങൾ പുതുതായി വാങ്ങി മലപ്പുറം മൂന്നാമത്. 20144 കാറും 68994 ബൈക്കുമാണ് മലപ്പുറം വാങ്ങിയത്. തൃശൂരും കൊല്ലവുമാണ് കൂടുതൽ വാഹനം വാങ്ങിയ മറ്റു ജില്ലക്കാർ.