രാഷ്ട്രീയ പ്രതിസന്ധി: ഓഹരി വിപണി മൂക്കുകുത്തി

മുംബൈ ∙ കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കം ഓഹരി വിപണിക്കു തിരിച്ചടിയായി. സെൻസെക്സ് 509.54 പോയിന്റ് ഇടിഞ്ഞ് 33,176 ൽ എത്തി. ഫെബ്രുവരി ആറിനു ശേഷം ഒരു ദിവസം സൂചിക നേരിടുന്ന ഏറ്റവും കനത്ത ഇടിവുകൂടിയാണിത്. അന്ന് 561 പോയിന്റ് കുറഞ്ഞിരുന്നു.

നിഫ്റ്റി 10,200 പോയിന്റിന് താഴെ എത്തി. ഇത് 165 പോയിന്റ് കുറഞ്ഞ് 10,195.15 പോയിന്റിൽ എത്തി. ഈ ആഴ്ച സെൻസെക്സ് 131.14 പോയിന്റ് കുറഞ്ഞു. ആഗോള വിപണികളും മാന്ദ്യത്തെ നേരിട്ടു. യുഎസിന്റെ നടപടികൾ വ്യാപാര യുദ്ധത്തിലേക്കു നയിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകർ. ഇതോടെ ഏഷ്യൻ, യൂറോപ്യൻ വിപണികളിൽ വില താഴ്ന്നു. അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ ഏതുതരത്തിൽ ഇതു സർക്കാരിന് ഭീഷണി ഉയർത്തുമെന്ന് ഉറ്റുനോക്കുകയാണ് വിപണി. വിദേശ ധനസ്ഥാപനങ്ങൾ വിൽപനക്കാരായി.

പ്രമുഖ സെക്ടറുകളായ മെറ്റൽ, പിഎസ്‌യു, പവർ, ബാങ്കിങ്, ഓയിൽ ആൻഡ് ഗ്യാസ് വിഭാഗങ്ങൾ 2.30 ശതമാനം വരെ വിലയിടിവിനെ നേരിട്ടു. സൂചികാധിഷ്ഠിത ഓഹരികളിൽ കനത്ത ഇടിവ് നേരിട്ടത് ടാറ്റാ മോട്ടോഴ്സാണ്; 3.67%. ബിഎസ്ഇ ഇടത്തരം, ചെറുകിട വിഭാഗം സൂചികകളും നഷ്ടം നേരിട്ടു. നിക്ഷേപകരുടെ ആസ്തിയിൽ 1.86 ലക്ഷം കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 1,43,17,308 കോടിയിലെത്തി.