പണി പോകില്ല, ചിലരുടെ പണി പാളും

സോഷ്യൽ മീഡിയയിൽ എത്തി നോക്കാത്തതെന്ത് എന്നായിരുന്നു റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനോടു ചോദ്യം. മറുപടി ഇങ്ങനെ: എനിക്കതിന് നേരമില്ല. മാത്രമല്ല അതിൽ വരുന്ന കാര്യങ്ങളെക്കുറിച്ച് അത്ര വേഗം ചിന്തിച്ച് പ്രതികരിക്കാനുള്ള കഴിവുമില്ല...!! 

കാര്യം മനസ്സിലായ എല്ലാവരും ചിരിച്ചു. ഓൺലൈൻ മാധ്യമങ്ങളിൽ സെക്കൻഡുകൾക്കുള്ളിൽ ‘ആധികാരികമായി’ പ്രതികരിക്കുന്ന സകലർക്കുമുള്ള കൊട്ടായി രഘുറാം രാജന്റെ മറുപടി. കൊച്ചിയിൽ അരങ്ങേറിയ ഡിജിറ്റൽ സമ്മേളനത്തിൽ ഇങ്ങനെ അനേകം കണ്ണുതെളിക്കുന്ന നിമിഷങ്ങളുണ്ടായിരുന്നു. 

അയ്യോ പോയേ...ജോലി പോയേ...എങ്ങനെ പോയേ...റോബട് കൊണ്ടു പോയേ....ഇങ്ങനെയൊരു വിലാപം ലോകമാകെ കേൾക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം ഇവിടെയുമുണ്ടായി. സകലരും പറയുന്നത് ഏതാണ്ട് ഒരേ കാര്യം. എഐ ആണത്രെ പ്രശ്നം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ (നിർമ്മിത ബുദ്ധി) ആണ് ഈ പുതിയ ഉമ്മാക്കി. വേറേയുമുണ്ട്. റോബട്ടിക്സ്, ഓഗ്‌മെന്റഡ് റിയാലിറ്റി, ബ്ളോക്ചെയിൻ, മെഷീൻ ലേണിങ്, ട്രസ്റ്റ് ഇന്നവേഷൻ, കോഗ്നിറ്റീവ് കംപ്യൂട്ടിങ്...എന്റമ്മച്ചിയേ എന്ന് ആരും നിലവിളിച്ചു പോകും. അതു കേട്ടു തലകുലുക്കുന്നവരിൽ എത്ര പേർക്ക് അറിയാമെന്നത് പരസ്യമായ രഹസ്യമാണ്. 

അത്ര പെട്ടെന്ന് ജോലിയൊന്നും ആവിയായി പോകില്ലെന്ന് പറയാൻ രഘുറാം രാജൻ തന്നെ വേണ്ടി വന്നു. 1960കളിൽ അമേരിക്കൻ പ്രസിഡന്റ് ലിൻഡൺ ജോൺസൺ യന്ത്രവൽക്കരണം വന്നാലുണ്ടാവുന്ന തൊഴിൽ നഷ്ടത്തെക്കുറിച്ചു പഠിക്കാൻ കമ്മിറ്റിയെ വച്ചതാണ്. അന്നു മുതൽ ലോകാവസാന പ്രവചനം പോലെ ഇമ്മാതിരി തൊഴിൽ നഷ്ട പ്രവചനങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടെന്തായി? എല്ലാ പ്രവചനക്കാരും 15 കഴിയുമ്പോഴത്തെ കാര്യമാണു പറയുന്നത്. 15 വർഷം കഴിയുമ്പോൾ പണിയൊക്കെ പഴയപോലെ തന്നെ കാണും. പുതിയ പല പണികളും ഉണ്ടാവുകയും ചെയ്യും. എസ്ടിഡി ബൂത്തുകൾ പൂട്ടിയപ്പോൾ മൊബൈൽ കടകൾ അതിന്റെ പത്തിരട്ടി ജോലികളുമായി വന്നതു പോലെ തന്നെ. പ്രവചനക്കാരുടെ പണി പാളുമെന്നു മാത്രം. 

കിട്ടാക്കനി കിട്ടിയ പോലായിരുന്നു നന്ദൻ നിലേകനിയോടുള്ള ചോദ്യങ്ങൾ. അങ്ങ് ഡിജിറ്റൽ വിദഗ്ധനാണെങ്കിലും നാട്ടിലാകെ നിറയുന്ന ചവറ് സംസ്കരിക്കാൻ എന്താണൊരു വഴി എന്നൊരു ചോദ്യം വന്നു. ന്യായമായ ചോദ്യമാണ്, പരിഹാരം വേണ്ടതാണ്, ഞാൻ പൂർണമായും നിങ്ങൾക്കൊപ്പമാണ്, പക്ഷേ ചവറിനെക്കുറിച്ചു ചിന്തിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടില്ല എന്നു പറഞ്ഞ് നീലേകനി ഒഴിവായി. നാട്ടിലെ ചവറു സംസ്കരിക്കാൻ പതിറ്റാണ്ടുകളായി സർക്കാർ ശ്രമിക്കുന്നുണ്ട്. എമേർജിങ് കേരള സംഗമത്തിൽ വന്ന സംരംഭങ്ങളിൽ പാതിയും ചവറു സംസ്കരണത്തിനായിരുന്നു. വളം ഉണ്ടാക്കലും വൈദ്യുതി ഉണ്ടാക്കലും... 

അടുത്തിടെ കെഎസ്ഐഡിസി അതിനു സാങ്കേതികവിദ്യകൾ ക്ഷണിച്ചു. പലതരം വിദ്യകളെത്തി. പ്ലാസ്മാ ഗ്യാസിഫിക്കേഷൻ വരെ. ഇപ്പോൾ അതെല്ലാം വേണ്ടെന്നു വച്ച് ഏതു ടെക്നോളജി വേണേലും ആയിക്കോ, അവശിഷ്ടം തീരെയില്ലാതെ ചവർ എങ്ങനയെങ്കിലും സംസ്കരിച്ചു തന്നാൽ മതിയെന്നായിട്ടുണ്ട്. എന്നിട്ടും ഒരു കരയ്ക്ക് അടുക്കുന്നില്ല. ചവർ വഴിയിൽ കിടന്നു നാറുന്നു. കേരളത്തിലെ ‘ഓഗ്‌മെന്റഡ് റിയാലിറ്റി’ അതാണ്. അതിനാരെങ്കിലും റോബട്ടിക്സുമായി വരണേ....ഓടി വരണേ.... 

ഒടുവിലാൻ ∙ അയ്യായിരം രൂപ കൊടുത്തു റജിസ്ട്രേഷനെടുത്ത് സമ്മേളനത്തിൽ പങ്കെടുത്ത് പുത്തൻ ആശയങ്ങൾ മൊത്തത്തിൽ വാങ്ങിയ പ്രാസംഗികരേറെയുണ്ട്. ഇനി ഇവിടുത്തെ ചെറുകിട യോഗങ്ങളിൽ അവർ മൈക്ക് കിട്ടിയാലുടൻ ഇതൊക്കെ ചില്ലറ കച്ചവടം ചെയ്യുന്നതു കാണാം. ജാഗ്രതൈ.!