ദാനശീലത്തിൽ കർണന്റെ ചേട്ടന്മാർ

ശത കോടീശ്വരൻമാരെ കാണാനും ഫോണിലോ ഇമെയിലിലോ കിട്ടാനും ബുദ്ധിമുട്ടാണ്. അവരുടെ സ്വകാര്യ ഫോൺ നമ്പറുകൾ രഹസ്യമായിരിക്കും. പത്രമാസികകളിൽ അത്തരത്തിലുള്ള ആരെയെങ്കിലും പറ്റി ഫീച്ചർ വന്നാലുടൻ നാടാകെ നിന്നു ഫോൺ വിളി വരുന്നു. എല്ലാവർക്കും വേണ്ടത് കോടീശ്വരനുമായി മുട്ടാനുള്ള വഴികളാണ്. എന്താവാം കാരണം...!!!

മലയാളിയുടെ എക്കാലത്തെയും ആവശ്യം ജോലിയും വീസയുമാകുന്നു. ഇതു രണ്ടും തപ്പി വിളിക്കുന്നവരാണു വലിയൊരു ഭാഗം. അതു കഴിഞ്ഞാൽ സ്പോൺസർഷിപ്പ് കിട്ടാനുള്ള വിളികളാണ്. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകാരും ‘ജീവകാരുണ്യം’ ബിസിനസ് ആക്കിയവരും വിളിക്കുന്നു. നാലു കാശൊപ്പിക്കുകയാണു ലക്ഷ്യം. പോയാലൊരു വാക്ക്, കിട്ടിയാൽ ഊട്ടി. അടുത്തതാകുന്നു സ്ഥിരം സെന്റിമെന്റ്സ് ഐറ്റം– അച്ഛൻ തെങ്ങിൽ നിന്നോ പ്ലാവിൽ നിന്നോ വീണു നടുവൊടിഞ്ഞു കിടക്കുന്നു, അമ്മയ്ക്കു തളർവാതം, നാലു പെങ്ങൻമാർ പുരനിറഞ്ഞ്....!

കോടീശ്വരൻമാർ ഇത്തരം ആവശ്യങ്ങൾക്ക് മിക്കവാറും ചെവി കൊടുക്കാറില്ല. കൊടുത്താൽ പിന്നെ അതിനേ നേരം കാണൂ. എന്നാൽ അവർ ചാരിറ്റി നടത്തുന്നില്ലെന്ന് അർഥമില്ല. ആയിരക്കണക്കിനു കോടികളാണു ചെലവഴിക്കുന്നതെന്നു മാത്രം. അതിനു വേണ്ടി പ്രത്യേകം ഫൗണ്ടേഷൻ അല്ലെങ്കിൽ ട്രസ്റ്റ്, നോക്കി നടത്താൻ സ്റ്റാഫ്, ജീവകാരുണ്യ, വികസന പ്രോജക്ടുകൾ...അങ്ങനെയാണ് ആധുനിക കാലത്തെ ദാനധർമ്മങ്ങൾ. അല്ലാതെ കദനകഥയുമായി വരുന്നവർക്ക് ചില്ലറ കൊടുത്തു വിടുന്ന പഴയ ഏർപ്പാടല്ല.

പലരും അവരുടെ സമ്പത്ത് മുഴുവനായിട്ടോ, പാതിയോ പത്തു ശതമാനമോ ഒക്കെയാണു നീക്കി വയ്ക്കുന്നത്. 99% ദാനം കൊടുത്താലും ബാക്കിയുള്ളത് നാലു ജന്മം ചെലവാക്കി തീർക്കാൻ പറ്റാത്തത്രയുണ്ടാകും എന്നതാണ് അതിന്റെ ഗുട്ടൻസ്. ബിൽഗേറ്റ്സും മാർക്ക് സുക്കർബർഗും മറ്റും സായിപ്പിന്റെ ഉദാഹരണങ്ങൾ. ഓഹരി വിപണിയിലെ കാളക്കൂറ്റൻ രാകേഷ് ജുൻജുൻവാല 2020ൽ തനിക്ക് 60 വയസ് തികയുമ്പോൾ ചാരിറ്റിക്കായി മാറ്റി വയ്ക്കുന്ന തുകയെത്ര!  5000 കോടി! എന്നിട്ടും അതു സമ്പാദ്യത്തിന്റെ കാൽഭാഗം മാത്രമേ വരൂ. ജുൻജുൻവാലയെ ഇപ്പോഴേ പിടിച്ചോ, 2020ൽ കോളടിച്ചേക്കും.

ഇൻഫോസിസ് സ്ഥാപകരിലൊരാളായ നന്ദൻ നിലേകനിയും ഭാര്യ രോഹിണിയും (മിക്കവരും ഭാര്യയെയും ചേർത്താണു ദാനധർമാദികൾ. ബിൽ ഗേറ്റ്സും മെലിൻഡ ഗേറ്റ്സും പോലെ) അവരുടെ സമ്പാദ്യത്തിന്റെ പാതി നീക്കി വയ്ക്കുകയാണ്. പാതി എത്രയാണെന്നാ? 5000 കോടിയിലേറെ. ബയോടെക്നോളജി രംഗത്തെ ഇന്ത്യൻ സൂപ്പർ വനിത കിരൺ മജൂംദാർഷാ വർഷം തോറും കിട്ടുന്ന വരുമാനത്തിന്റെ പാതി ദാനത്തിനായി മാറ്റുന്നു. സുമാർ 40 കോടി രൂപ. ബാക്കി 40 കോടി പോരായോ പരമ സുഖമായി കഴിയാൻ!

വിപ്രോ സ്ഥാപകൻ അസിം പ്രേംജി ഇതിനകം 63000 കോടി സംഭാവന ചെയ്തു കഴിഞ്ഞു. ഭാരതി എയർടെൽ ഉടമ സുനിൽ ഭാരതി മിത്തൽ തന്റെ സമ്പാദ്യത്തിന്റെ 10% മാത്രമേ ദാനത്തിനു മാറ്റുന്നുള്ളു. പക്ഷേ പത്തിലൊന്നിന്റെ വലുപ്പം 7000 കോടി രൂപയാണ്.

ഇവരാരും തന്നെ കദനകഥക്കാർക്ക് കൈക്കാശ് കൊടുക്കുന്നില്ല. ദാനത്തിനായി നീക്കി വയ്ക്കുന്ന തുക സ്കൂളുകൾ, സർവകലാശാലകൾ, സ്കോളർഷിപ്പുകൾ, വീടുകൾ, ഗ്രാമം ദത്തെടുക്കൽ, ശുദ്ധജല പദ്ധതികൾ, ആശുപത്രികൾ എന്നിങ്ങനെയാണു പോക്ക്.

വിശന്നു വരുന്നവന് മീൻ കൊടുത്താൽ ഒരു നേരത്തെ വിശപ്പു മാറും മീൻ പിടിക്കാൻ പഠിപ്പിച്ചു കൊടുത്താൽ ജീവിതകാലം മുഴുവൻ വിശപ്പുമാറും എന്ന തത്വമാണ് എല്ലാവർക്കും. 

ഒടുവിലാൻ ∙ ചെറുകിട ദാനക്കാരുടെ പ്രധാന ലക്ഷ്യം പ്രശസ്തിയാകുന്നു. ദാനത്തെക്കുറിച്ചു സ്വയം ഒന്നും പറയില്ല, പക്ഷേ പാടി നടക്കാൻ പാണൻമാരെ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാഞ്ചിയേട്ടൻമാരും ദാനം തെളിവുസഹിതം ഫയലാക്കി വയ്ക്കും, ബഹുമതി കിട്ടാൻ അതുംകൊണ്ട് ഡൽഹിയിലേക്ക് ആളെ വിടും.