Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിളവു കുറഞ്ഞത് തിരിച്ചടി

Pirvam-vegetables പിറവം പാടശേഖരത്തിൽ പടവലം വിളവെട‌ുക്ക‌ുന്ന കർഷകൻ.

വിഷു പടിവാതിൽക്കലെത്തി നിൽക്കെ കാലാവസ്ഥാ വ്യതിയാനവും കാലം തെറ്റിയുള്ള മഴയും പിറവം മേഖലയിൽ പച്ചക്കറി കർഷകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചു. മുൻവർഷങ്ങളിൽ വിഷുവിപണി  കർഷകർക്ക്  ആഹ്ലാദത്തിന്റേതായിരുന്നുവെങ്കിൽ ഇക്കുറി കാര്യമായ നേട്ടമൊന്നും ഉണ്ടാവില്ലെന്നാണു വിലയിരുത്തൽ. വിഷു വിപണിയിലെ ചലനത്തിന്റെ ചുവടുപിടിച്ച് പച്ചക്കറിക്കു വിലവർധന ഉണ്ടെങ്കിലും വിളവു കുറഞ്ഞതാണു തിരിച്ചടിയായത്. ജില്ലയിൽ ഏറ്റവുമധികം പച്ചക്കറി വിളയുന്ന ഓണക്കൂർ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. പിറവം നഗരസഭയ്ക്കു പുറമെ പാമ്പാക്കുട, രാമമംഗലം പഞ്ചായത്തുകളിലുമായി വ്യാപിച്ചുകിടക്കുന്ന കൃഷിയിടങ്ങളാണ് ഇവയെല്ലാം. 150 ഹെക്ടറിലേറെ സ്ഥലത്താണു പയറും പാവലും പടവലവുമെല്ലാം വിളയുന്നത്.

പാവയ്ക്ക കിലോഗ്രാമിന് ഇപ്പോൾ 55 രൂപ വരെ വിലയുണ്ട്. വിഷുവിപണിയായതോടെ വില ഇനിയും ഉയരുമെന്നാണു പ്രതീക്ഷ. പയറിനും ഇതേ വിലയുണ്ട്. ഒരു മാസത്തിലേറെ നീണ്ട വിലയിടിവിനു ശേഷം ഏത്തക്കായയും തിരിച്ചുവരവിന്റെ പാതയിലാണ്. ഒരു മാസം മുൻപ് 22 രൂപ വരെയായി ഏത്തക്കായ വില ഇടിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ 36 രൂപ വരെ ഉയർന്നു. മുതൽമുടക്കും തരക്കേടില്ലാത്ത ലാഭവും തിരിച്ചുകിട്ടുന്ന സ്ഥിതിയാണെന്നു പിറവം പാടശേഖരത്തിലെ പച്ചക്കറി കർഷകൻ ഇല്ലിച്ചുവട്ടിൽ ഇ.സി. കുട്ടി പറഞ്ഞു. പയറും പാവലും പടവലവുമെല്ലാം ഇടവിട്ടുള്ള സമ്മിശ്രകൃഷിയാണ് ഇദ്ദേഹം നടത്തുന്നത്. വിത്തെറിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ വിളവെടുപ്പു പൂർത്തിയാകുമെന്നതാണു പച്ചക്കറി കൃഷിയിലെ ആകർഷണം. കാലാവസ്ഥയും വിലയും ഒത്തുവന്നാൽ ഒരു ഹെക്ടറിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെയും ലാഭം ലഭിക്കും. 

മുരടിപ്പു രോഗമാണു പാവൽ കൃഷിക്കു തിരിച്ചടിയായത്. കായ്ഫലമെത്തിയ ചെടികളുടെ നാമ്പ് കുറുകി വളർച്ച നിലച്ചുപോവുന്നതാണു ലക്ഷണം. മഴയുടെ കുറവും പുലർ‌ച്ചെ ഉണ്ടാവുന്ന മഞ്ഞുമാണു മുരടിപ്പു വ്യാപകമാകാൻ കാരണമായത്. പയർച്ചെടികളിൽ അഴുകൽ രോഗബാധയാണു വ്യാപകമായിരിക്കുന്നത്. കായ്ഫലമെത്തിയ ചെടിയുടെ തണ്ടിൽ കറുപ്പുനിറം വ്യാപിക്കുകയും ആഴ്ചകൾക്കുള്ളിൽ ഉണങ്ങിനശിക്കുകയുമാണു പതിവ്. അതേസമയം പടവലം, പീച്ചിൽ പോലുള്ള പച്ചക്കറികളിൽ രോഗം വ്യാപിക്കാത്തതു പ്രതീക്ഷ നൽകുന്നുണ്ട്. കിലോഗ്രാമിന് 20 രൂപ വരെ നിരക്കിലാണ് ഇവ വിറ്റുപോവുന്നത്. പാവൽ – പയർകൃഷിക്കൊപ്പം മറ്റു കൃഷികളും കൂടി ചെയ്തവർക്കു നഷ്ടം സംഭവിക്കില്ലെന്നാണു പ്രതീക്ഷ.