ഏയ്ഞ്ചൽ നിക്ഷേപം: സ്റ്റാർട്ടപ്പുകൾക്ക് നികുതി ആനുകൂല്യം

ന്യൂഡൽഹി ∙ മൊത്തം നിക്ഷേപം 10 കോടി രൂപ കവിയാത്ത സ്റ്റാർട്ടപ്പുകൾക്കു നികുതി ആനുകൂല്യം ലഭിക്കും. എയ്ഞ്ചൽ നിക്ഷേപം കൂടി ഉൾപ്പെടുന്നതാണു  മൊത്തം നിക്ഷേപം. വ്യവസായ, വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവു പ്രകാരം സ്റ്റാർട്ടപ്പുകൾക്കു കുറഞ്ഞതു രണ്ടു കോടി രൂപയുടെ അറ്റ ആസ്തി ഉണ്ടാവണം. 

ഇതോടെ നിക്ഷേപം നേടുന്നതിൽ സ്റ്റാർട്ടപ്പുകൾക്കു കൂടുതൽ അവസരം ലഭിക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി. 2016 ഏപ്രിൽ ഒന്നിനു ശേഷം സ്ഥാപിച്ച സ്റ്റാർട്ടപ്പുകൾക്കാണ് നികുതി ആനുകൂല്യം കിട്ടുക. 

ആനുകൂല്യം ലഭിക്കുന്നതിന് എട്ടംഗ ബോർഡിനെയാണു സമീപിക്കേണ്ടത്. ഏയ്ഞ്ചൽ നിക്ഷേപവുമായി ബന്ധപ്പെട്ട നികുതി നിർണയം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി സ്റ്റാർട്ടപ്പുകൾ പരാതിപ്പെട്ടിരുന്നു. പ്രതിവർഷം 400 സ്റ്റാർട്ടപ്പുകൾക്ക് ഏയ്ഞ്ചൽ നിക്ഷേപം ലഭിക്കാറുണ്ട്.