എണ്ണ വില കൂട്ടുമെന്ന് സൗദി; ഒപെക് തന്ത്രമെന്ന് ട്രംപ്

ദോഹ ∙ ഉയരുന്ന എണ്ണവില ഉൾക്കൊള്ളാൻ ആഗോള വിപണിക്കു ശേഷിയുണ്ടെന്നു സൗദി എണ്ണ മന്ത്രി; വിലക്കയറ്റമുണ്ടാക്കാൻ ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ) കളിക്കുകയാണെന്ന് ആഞ്ഞടിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടിക്കും തിരിച്ചടിക്കും പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ ഇടിവ്. ബാരലിന് 74 ഡോളറിലേക്ക് ഉയർന്ന എണ്ണവിലയിൽ ഒരു ഡോളറിന്റെ വരെ കുറവുണ്ടായി.

ജിദ്ദയിൽ നടക്കുന്ന ഒപെക്– ഒപെക് ഇതര എണ്ണ ഉൽപാദക രാജ്യങ്ങളുടെ യോഗത്തിനു മുന്നോടിയായി സൗദി എണ്ണ മന്ത്രി ഖാലിദ് അൽ ഫലീഹ് നടത്തിയ പ്രസ്താവനയാണു ട്രംപിനെ ചൊടിപ്പിച്ചത്. എണ്ണവില കൃത്രിമമായി വർധിപ്പിക്കുകയാണെന്നു ട്രംപ് ട്വീറ്റ് ചെയ്തു. അതേ സമയം, ആഗോള വിപണിയിൽ എണ്ണയ്ക്ക് ഒരു നിശ്ചിത വില ലക്ഷ്യമിട്ടിട്ടില്ലെന്ന് ഒപെക് സെക്രട്ടറി ജനറൽ മുഹമ്മദ് ബർക്കിൻഡോ പറഞ്ഞു. ആഗോള വിപണിയിൽ സ്ഥിരത കൈവരുത്തുകയാണു ലക്ഷ്യം. അത് തങ്ങളെ ഉൽപാദകരെന്നും ഉപഭോക്താക്കളെന്നും പരിഗണിച്ചുകൊണ്ടാണെന്നും ബർക്കിൻഡോ പറഞ്ഞു.

ആഗോള വിപണിയിൽ എണ്ണ സംഭരണത്തിൽ കുറവു വന്നിട്ടുണ്ടെന്ന് ജിദ്ദ യോഗം വിലയിരുത്തി. രണ്ടു വർഷം മുൻപ് 312 കോടി ബാരൽ നീക്കിയിരിപ്പുണ്ടായിരുന്നത് 283 കോടി ബാരലായി കുറഞ്ഞു. എങ്കിലും വിപണി സന്തുലനാവസ്ഥ കൈവരിക്കാൻ ഇനിയും കുറയേണ്ടതുണ്ടെന്നും യോഗം നിരീക്ഷിച്ചു.

ബാരലിന് 70 ഡോളർ കടന്നതോടെ ഒപെക്– ഒപെക് ഇതര എണ്ണ ഉൽപാദക രാജ്യങ്ങളുടെ നീക്കം ശക്തമായ ഫലം കണ്ടുകഴിഞ്ഞു. അതേ സമയം, സൗദി അറേബ്യ ഇനിയും ഉയർന്ന എണ്ണവില ലക്ഷ്യമിടുന്നുവെന്നാണു വിലയിരുത്തൽ. എണ്ണക്കമ്പനിയായ അരാംകോയുടെ അഞ്ചു ശതമാനം ഓഹരികൾ വിൽക്കാൻ സൗദി തീരുമാനിച്ചിട്ടുണ്ട്. എണ്ണവില ഉയരുന്നതിന് അനുസരിച്ച് അരാംകോയുടെ ഓഹരി വിലയും ഉയരും. ഇതു സൗദിക്കു വലിയ നേട്ടമുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

വിപണിയിലെ നിയന്ത്രണം തുടരുന്നതിനായി എണ്ണ ഉൽപാദക രാജ്യങ്ങളുടെ വിശാലമായ കൂട്ടായ്മയെന്ന ആശയത്തിനോടു റഷ്യയും യോജിപ്പിലാണ്. ഉൽപാദന നിയന്ത്രണ ധാരണ അവസാനിച്ച ശേഷവും കൂട്ടായ്മ തുടരുവാനുള്ള സഹകരണത്തിനുള്ള നീക്കത്തിലാണെന്ന് റഷ്യൻ ഊർജ മന്ത്രി അലക്സാലണ്ടർ നോവക് പറഞ്ഞു. ഇതു സംബന്ധിച്ച് ഒപെക്– ഒപെക് ഇതര രാജ്യങ്ങൾക്കിടയിൽ ഒത്തുതീർപ്പിനുള്ള ശ്രമത്തിലാണു സൗദി.