‘വിശ്വാസ’പൂർവം യുവസംരംഭകൻ

ഈസ്‌റ്ററിനോ ക്രിസ്മസിനോ ആർക്കെങ്കിലും ഒരുസ്‌നേഹസമ്മാനം നൽകാൻ ആഗ്രഹിക്കാത്തവരില്ല. പക്ഷെ പറ്റിയ സമ്മാനം കിട്ടാനില്ല. . ഇതിനൊരു പരിഹാരം തുന്നിയെടുക്കുന്ന തിരക്കിലാണ് യുവസംരംഭകനായ സെയിന്റി തോമസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രൈസ്‌തവ ആരാധനാ വസ്‌തുക്കളുടെ വിപുലമായ ശേഖരം വിശ്വാസികൾക്ക് എത്തിച്ചു നൽകുന്ന പുതിയൊരു സംരംഭം. കൊച്ചിയിൽ തുടക്കമിട്ട ലിവിങ് വേർഡ്‌സ് എന്ന സ്‌റ്റാർട്ടപ്പ് ഒരുപക്ഷേ രാജ്യത്തെ ക്രൈസ്‌തവ പാരമ്പര്യത്തെ പുതിയൊരു വിപണി സംസ്‌കാരത്തിന്റെ ലാവണ്യത്തിലേക്ക് അഭിഷേകം ചെയ്‌തേക്കും.

ഒരു കുപ്പായം തയ്ച്ചു കിട്ടണമെങ്കിൽ ഇപ്പോൾ വൈദികർ മാസങ്ങളോളം കാത്തിരിക്കണം. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ലിവിങ് വേർഡ്‌സ് കുപ്പായം തയ്പ്പിക്കുന്നത്. ഓർഡർ നൽകി ഒരാഴ്‌ചയ്ക്കുള്ളിൽ കുപ്പായം പള്ളിമേടയിലെത്തും. തിരുപ്പൂരിലെ ആധുനിക മില്ലുകളുടെയും അതിവിദഗ്‌ധരായ തയ്യൽക്കാരുടെയും സഹായത്താലാണ് ഇതു സാധിക്കുന്നതെന്ന് സംരംഭകൻ കുമ്പനാട് ചെള്ളേത്ത് സംപ്രീതി ഭവനിൽ സെയിന്റി തോമസ് (33) പറഞ്ഞു.

ഏകദേശം 3000 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് പ്രതിവർഷം ഇന്ത്യയിൽ ക്രൈസ്‌തവ ആരാധനാ മേഖലയുമായി ബന്ധപ്പെട്ട് ചെലവാകുന്നതെന്ന് പഠനത്തിൽ പറയുന്നു. 

പള്ളികളുടെയും സഭകളുടെയും കണക്കുകൾ കൃത്യമാക്കാനും വിവിധ സഭാപരിപാടികൾ ഉൾപ്പെടുത്തി ആസൂത്രണം ചെയ്യാനും ഉതകുന്ന തരത്തിലുള്ള ചർച്ച് സോഫ്‌റ്റ്‌വെയറുകളും തയ്യാറാക്കുന്നുണ്ട്.

അരലക്ഷത്തോളം പുസ്‌തകങ്ങൾ ഈ സ്‌റ്റാർട്ടപ്പിലൂടെ ഇപ്പോൾ തന്നെ ലഭ്യമാണ്. എല്ലാ ചടങ്ങുകൾക്കും അനുയോജ്യമായ ഉൽപ്പന്നങ്ങളാണ് ലക്ഷ്യമിടുന്നത്. വലിച്ചെറിയൽ സംസ്‌കാരത്തിൽനിന്നു പുനരുപയോഗത്തിന്റെയും മിതത്വത്തിന്റെയും സന്ദേശവും എല്ലാ ഉൽപ്പന്നങ്ങളിലും കൊണ്ടുവരാൻ ശ്രമിക്കും.  വിവിധ ആരാധനാ സാമഗ്രികളും ഗ്രന്ഥങ്ങളും വൈദികരുടെ വേഷങ്ങളും ഉൾപ്പെടെ നൂറോളം ക്രൈസ്‌തവ ഉൽപ്പന്നങ്ങൾ ഇ കൊമേഴ്‌സ് രീതിയിലൂടെ വീടുകളില്ലെത്തിക്കാനാണു ശ്രമം.

എൻജിനീയറിങ്ങിലും ഫിനാൻസിലും ബിരുദാനന്തര ബിരുദം നേടി ഗൾഫിലും മറ്റും ജോലി ചെയ്‌ത ശേഷമാണ് ഈ പുതിയ സംരംഭത്തിനിറങ്ങിയിരിക്കുന്നത്. ഇതുവരെയും ആരും ശ്രദ്ധിക്കാതിരുന്ന ഒരു മേഖലയായതിനാലാണ് സഭാഉൽപ്പന്നങ്ങളിലേക്കു തിരിഞ്ഞതെന്ന് സെയിന്റി പറഞ്ഞു.  www.livingwords.in