ഉൽപന്നങ്ങളുടെ വിപണനം: കുടുംബശ്രീ പൊതുസേവനകേന്ദ്രങ്ങൾ തുടങ്ങുന്നു

തിരുവനന്തപുരം∙ കുടുംബശ്രീ സംരംഭക കൂട്ടായ്‌മയിലൂടെ ഗുണനിലവാരമുള്ള ഉൽപന്നങ്ങളുണ്ടാക്കാനും വിപണനത്തിനും പൊതു സേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. 12 ജില്ലകളിൽ 19 പൊതു സേവന കേന്ദ്രങ്ങളാണ് ഉടൻ തുടങ്ങുന്നത്. 

പൊതുസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള കെട്ടിടം തദ്ദേശഭരണ സ്ഥാപനം നൽകും. പദ്ധതിക്കായി കുടുംബശ്രീ 50 ലക്ഷം രൂപ വരെ ചെലവഴിക്കും. പദ്ധതിയുടെ 60 ശതമാനം തുക യന്ത്രസാമഗ്രികൾ വാങ്ങുന്നതിനും 15 ശതമാനം കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾക്കും 15 ശതമാനം പരിശീലനത്തിനും പത്തു ശതമാനം ഉൽപന്നത്തിന്റെ ഡിസൈനിങ്, പായ്‌ക്കിങ് എന്നിവ മെച്ചപ്പെടുത്താനും മാർക്കറ്റിങ്ങിനുമാണ്.  

ഒരേ തരത്തിലുള്ള ഉൽപന്നങ്ങളെ ക്‌ളസ്റ്റർ ചെയ്‌തു സംരംഭകരുടെ കൺസോർഷ്യം രൂപീകരിക്കുക എന്നതാണ് പൊതുസേവന കേന്ദ്രങ്ങൾ സ്ഥാപിക്കുക വഴി പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രധാനമായും തുണിത്തരങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, സിമന്റ് ബ്രിക്സ് തുടങ്ങിയ മേഖലകളിലെ ഉൽപാദനവും നിർമാണവുമാണ് ലക്ഷ്യമിടുന്നതെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു.