ഫ്ലോപ്കാർട്ടുകളാണ് കൂടുതലും

ബെംഗളൂരുവിലെ ചെറിയ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ രണ്ടു ബൻസാൽമാരിൽ നിന്നു തുടങ്ങിയ ഫ്ലിപ്കാർട്ടിനെ ഒരു ലക്ഷം കോടി രൂപയിലേറെ നേടി സായിപ്പ് കബൂലാക്കിയതു കണ്ട് എന്റെ കമ്പനിയേയും അതുപോലെ ആരെങ്കിലും വന്ന് ഏറ്റെടുക്കണേ എന്നു മോഹിക്കുന്ന സ്റ്റാർട്ടപ് കമ്പനിക്കാരേറെ. അഞ്ചു കോടിയെങ്കിലും കിട്ടിയാൽ മതിയേ! 

ബൻസാൽമാർ ഭാഗ്യവാൻമാരായിരുന്നു. വെഞ്ച്വർ ക്യാപിറ്റലായി ശതകോടികൾ വാരിയെറിയാൻ ബാങ്കുകളും കമ്പനികളും ക്യൂ നിന്നു. ഫ്ലിപ് കാർട്ടിന്റെ റവന്യു മോഡൽ എങ്ങനാ എന്ന് അമ്പരന്നവരേറെ. വാങ്ങുന്ന വിലയെക്കാൾ കുറഞ്ഞ വിലയ്ക്കു വിൽക്കുന്നു. അതിനെയല്ലേ നഷ്ടം എന്നു പറയുന്നത്? നഷ്ടത്തിൽ ആരെങ്കിലും ബിസിനസ് ചെയ്യുമോ? പക്ഷേ, ഫ്ലിപ്കാർട്ടിനു കൂസലില്ല. വല്ലവരുടേയും കാശിട്ടല്ലേ കളി? നഷ്ടത്തെക്കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ട. മാത്രമല്ല, ഓരോ പുതിയ ഓൺലൈൻ ഇടപാടുകാരനും വരുമ്പോൾ കമ്പനിയുടെ വിപണി മൂല്യം ഉയരുന്നെന്നാണു കണക്ക്. 

അവർക്ക് അതു മതി. പുസ്തക വിൽപനയിൽ ഈ കളി കളിച്ചതിനാൽ ഇന്ത്യയിലാകെ ധാരാളം പുസ്തകക്കടകൾ പൂട്ടിപ്പോയി. കടയിൽ പോയി പല പുസ്തകങ്ങളും മറിച്ചു നോക്കി, മണത്തു നോക്കി, കുറച്ചു പേജുകൾ വായിച്ച്... അങ്ങനെ പുസ്തകം വാങ്ങുന്ന ശീലം തന്നെ പൊയ്പോയി. പുസ്തകം വേണോ ഓൺലൈനി‍ൽ ഓർഡർ ചെയ്യുക. അവിടെ അതിവിപുലമായ ശേഖരമാണ്. 

ന്യൂജെൻ പിള്ളാര് സർവ വസ്ത്രങ്ങളും ഷൂസുമെല്ലാം ഓൺലൈനിൽ വാങ്ങുന്നതാണു പിന്നെ നമ്മൾ കാണുന്നത്. ക്യാൻവാസ് ഷൂ മേടിക്കണം, കൊള്ളാവുന്നത് എവിടെ കിട്ടുമെടേയ് എന്ന് ഏതെങ്കിലും ചെക്കനോടു ചോദിച്ചു നോക്കൂ. ഏതൊക്കെ ഓൺലൈനിൽ ഓഫർ ഉണ്ടെന്നും മറ്റും പറഞ്ഞു തരും. ഷൂസ് കടയിൽ പോയി സിലക്ട് ചെയ്ത് കാലിൽ ഇട്ടു നടന്നു നോക്കി വേണ്ടേ വാങ്ങാനെന്നു ചോദിക്കുന്നവർ വയസൻമാരായിപ്പോകും. 

എന്താ ഈ സ്റ്റാർട്ടപ് കമ്പനി വാല്യുവേഷൻ? ആദ്യം ആശയം, പിന്നെ അൽഗോരിതം, ബിസിനസ് മോഡൽ, കുറച്ച് ക്ലയന്റ്സ്, റവന്യു മോഡൽ ഇത്രയും ആയാൽ സ്റ്റാർടപ് കന്യകയെ കെട്ടിച്ചു വിടാറായി. വരനെ തേടുന്നു. വെഞ്ച്വർ ക്യാപിറ്റൽ മാടമ്പിമാരുടെ മുന്നിൽ പ്രസന്റേഷൻ എന്ന പെണ്ണുകാണൽ നടത്തുന്നു. സ്റ്റാർട്ടപ് സെമിനാറുകളിൽ തല കാണിക്കുന്നു. കമ്പനിക്ക് എന്തു മൂല്യമുണ്ട് എന്നു സ്വതന്ത്ര കമ്പനിയെക്കൊണ്ട് വിലയിരുത്തുന്നു. 200 കോടി വാല്യുവേഷൻ കിട്ടിയെന്നു കരുതുക. 

കുറേ പീക്കിരി പിള്ളാരു തുടങ്ങിയ കമ്പനിക്ക് 200 കോടി മൂല്യമോ? ഓഹരി എടുക്കാൻ ആളെ തേടുന്നു. 200 കോടിയുടെ മൂല്യം എങ്കിൽ 10% ഓഹരിയുടെ മൂല്യം 20 കോടിയാകുന്നു. നമുക്കൊരു 30% ഓഹരി വിൽക്കാം എന്നു പ്രമോട്ടർ പയ്യൻമാർ തീരുമാനിക്കുന്നു. പക്ഷേ, ആരെങ്കിലും വരണ്ടേ? 200 കോടി മൂല്യം യഥാർഥത്തിൽ വെറും കടലാസല്ലേ, സങ്കൽപമല്ലേ...?? 

പക്ഷേ, ശമ്പളവും വാടകയും കൊടുക്കണം. കംപ്യൂട്ടറുകൾ വാങ്ങണം. കടമെടുക്കുന്നു. കടം തിരിച്ചു കൊടുക്കാൻ കഴിയാത്തതിനാൽ പകരം ഓഹരി കൊടുക്കുന്നു. ചിലപ്പോൾ ആരെങ്കിലും വന്നു പറഞ്ഞേക്കും – 30% ഓഹരി വേണം പകരം അഞ്ചു കോടി തന്നേക്കാം. നിവൃത്തിയില്ലാത്ത അവസ്ഥയിൽ സമ്മതിക്കേണ്ടി വരുന്നവരുണ്ട്. 

എല്ലാം ഫ്ലിപ്കാർട്ട് ആകണമെന്നില്ല. ഫ്ലോപ്കാർട്ടുകളാണു കൂടുതലും. ആരും നിക്ഷേപിക്കാൻ വരുന്നില്ലെങ്കിൽ സ്വന്തം കമ്പനി പൂട്ടിയിട്ട് വേറേ വല്ല കമ്പനിയിലും ജോലിക്കു കേറും. 

ഒടുവിലാൻ ∙ നിസ്സാര തുകയ്ക്ക് ഒരു സ്റ്റാർട്ടപ് ഏറ്റെടുത്തവർ പയറ്റിത്തെളിഞ്ഞ വൻകിട കമ്പനിക്കാരായിരുന്നു. ഭൂരിപക്ഷം ഓഹരി സ്വന്തമായതോടെ അവർ പ്രമോട്ടർമാരെ പിരിച്ചുവിട്ടു. സ്വന്തം വിയർപ്പിൽ തുടങ്ങിയ കമ്പനിയിൽനിന്നു കിട്ടിയതുംകൊണ്ട് ഇറങ്ങിപ്പോകേണ്ട ഗതികേട്.